മലാപ്പറമ്പ്‌ ജങ്‌ഷനിൽ യാത്ര ‘റൗണ്ട്‌ എബൗട്ടി’ലൂടെ

news image
Oct 30, 2024, 7:23 am GMT+0000 payyolionline.in
കോഴിക്കോട്‌: രാമനാട്ടുകര–-വെങ്ങളം ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി  മലാപ്പറമ്പ്‌ ജങ്‌ഷനിൽ ‘വെഹിക്കിൾ ഓവർപാസ്‌’ നിർമിക്കാൻ 42 മീറ്റർ ചുറ്റളവിൽ താൽക്കാലിക ‘റൗണ്ട്‌ എബൗട്ട്‌’ നിർമിച്ചു. ഇതിനകത്ത്‌ 15 മീറ്റർ ആഴംകൂട്ടി മണ്ണെടുത്താണ്‌ മേൽപ്പാലം നിർമിക്കുക. റൗണ്ട്‌ എബൗട്ടിലൂടെ ബുധനാഴ്‌ചയും ട്രയൽ റൺ നടത്തിയശേഷം ആവശ്യമായ പരിഷ്‌കാരം നടപ്പാക്കുമെന്ന്‌ ദേശീയപാത അധികൃതർ അറിയിച്ചു. നിലവിൽ മലാപ്പറമ്പ്‌ ജങ്‌ഷനിൽ നാല്‌ ട്രാഫിക്‌ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്‌. ഇതിനുപുറമെ നാലംഗ സംഘമുൾപ്പെടുന്ന ട്രാഫിക്‌, ചേവായൂർ, കൺട്രോൾ റൂം വാഹനവും ജങ്‌ഷനിൽ നിലയുറപ്പിക്കുന്നുണ്ട്‌.
ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാഗമായി വയനാട്‌ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾക്ക്‌ വെള്ളിമാടുകുന്ന്‌ പൂളക്കടവ്‌ ജങ്ഷനിൽ ഇടതുതിരിഞ്ഞ്‌ ഇരിങ്ങാടൻപള്ളി, ചേവരമ്പലം വഴി ബൈപാസിൽ കയറി തൊണ്ടയാട്‌ വഴിയോ മലാപ്പറമ്പ്‌ കയറിയോ നഗരത്തിലേക്ക്‌ പോകാം. നഗരത്തിൽനിന്ന്‌ വയനാട്‌ ഭാഗത്തേക്ക്‌ പോകുന്ന വലിയ വാഹനങ്ങൾ എരഞ്ഞിപ്പാലത്തുനിന്ന്‌ ഇടതുതിരിഞ്ഞ്‌ കരിക്കാംകുളം റോഡിൽ കയറി വേദവ്യാസ സ്‌കൂളന്‌ സമീപത്തെ അടിപ്പാതവഴി മലാപ്പറമ്പിലെത്തി വയനാട്‌ റോഡിൽ കയറി പോകണം.
കണ്ണൂർ ഭാഗത്തുനിന്ന്‌ രാമനാട്ടുകര ഭാഗത്തേക്ക്‌ പോകുന്ന വലിയ വാഹനങ്ങൾ വെങ്ങളം ജങ്‌ഷനിൽനിന്ന്‌ ബീച്ച്‌ റോഡിൽ കയറി മുഖദാർ, പുഷ്‌പ ജങ്‌ഷൻ വഴി രാമനാട്ടുകര ഭാഗത്തേക്ക്‌ പോകണം. കൊച്ചി, പാലക്കാട്‌  ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങൾ തൊണ്ടയാടുനിന്ന്‌ ഇടതുതിരിഞ്ഞ്‌ കണ്ണൂർ ഭാഗത്തേക്ക്‌ പോകണം.
ചുറ്റുമുള്ള റോഡിന്‌ അഞ്ചുമീറ്റർ വീതിയാണ്‌ തൽക്കാലം ഒരുക്കിയിട്ടുള്ളത്‌. സർവീസ്‌ റോഡുകളുടെ പ്രവൃത്തി പുർത്തീകരിക്കുന്നതോടെ മാത്രമേ കൂടുതൽ ഗതാഗതസൗകര്യം ഈ ഭാഗങ്ങളിൽ ലഭിക്കൂ.
തിരക്കേറിയ കവലയിൽ വരുംദിവസങ്ങളിൽ കടുത്ത ഗതാഗത തടസ്സമാണ്‌ ട്രാഫിക്‌ പൊലീസ്‌ പ്രതീക്ഷിക്കുന്നത്‌. ചൊവ്വാഴ്‌ച പുലർച്ചയോടെയാണ്‌ കോൺക്രീറ്റ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ റൗണ്ട്‌ എബൗട്ട്‌ നിർമിച്ചത്‌. ഇതിൽ ചില ഭാഗങ്ങളിൽ ചുവപ്പ്‌ ഡ്രമ്മുകളാണ്‌ തൽക്കാലം വച്ചത്‌. ഗതാഗത തടസ്സം രൂക്ഷമാകുന്ന ഘട്ടത്തിൽ ഈ ഡ്രമ്മുകൾ മാറ്റി വാഹനങ്ങൾ ഇതുവഴി കടത്തിവിടും. കെഎംസിയാണ്‌ ദേശീയപാതയുടെ വീതികൂട്ടലിന്റെ നിർമാണക്കരാർ ഏറ്റെടുത്തത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe