മുംബൈ: സ്റ്റോക്ക്മാർക്കറ്റിൽ ട്രേഡിങ് നടത്താനെന്ന പേരിൽ മുതിർന്ന പൗരനിൽ നിന്ന് 97 ലക്ഷത്തോളം തട്ടിപ്പ് നടത്തിയായി പരാതി. റായ്ഗഡിൽ നിന്നുള്ള മുതിർന്ന പൗരൻ ഓഹരി വിപണിയിൽ പുതിയ സ്റ്റോക്കുകളെ കുറിച്ച് അറിയാൻ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സഹായം തേടി ഇന്റർനെറ്റ് വെബ്‌സൈറ്റിൽ തിരയുകയായിരുന്നു.
ശേഷം ഒരു സൈറ്റിൽ പേരും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പൂരിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു ലിങ്ക് ലഭിച്ചു.
അതിൽ ക്ലിക്ക് ചെയ്ത ശേഷം അയാൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ആഡ് ചെയ്യപ്പെട്ടു. ചീഫ് സ്ട്രാറ്റജിക് അനലിസ്റ്റ് എന്ന് അവകാശപ്പെടുന്ന അഡ്മിൻമാരിൽ ഒരാൾ സ്വകാര്യ ബാങ്കിങ് വിശദാംശങ്ങൾ നൽകി ട്രേഡിങ് അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതിദിനം 20ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത തട്ടിപ്പുകാർ കൂടുതൽ പണം നിക്ഷേപിക്കാൻ ഇരയെ പ്രേരിപ്പിച്ചു.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ അഞ്ച് വരെയുള്ള സമയത്ത് 96.8 ലക്ഷം രൂപ ഇയാൾ തട്ടിപ്പുകാർക്ക് കൈമാറി. ശേഷം ലാഭമോ മറ്റു പ്രതികരണങ്ങളോ ഇല്ലാത്തതിനാൽ ഇയാൾ പൊലീസിനെ സമീപിക്കുകയായിരുന്നു.