ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം

news image
Nov 5, 2024, 10:00 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: റെയിൽവേ സേവനങ്ങളെല്ലാം ഇനി എല്ലാം ഒറ്റ ആപ്പിൽ. ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ ‘സൂപ്പര്‍ ആപ്’ ഈ വർഷം അവസാനത്തോടെ ഉപഭോക്താക്കളുടെ കൈവശമെത്തും.

ഡിസംബര്‍ അവസാനത്തോടെ ‘സൂപ്പര്‍ ആപ്’ സേവനങ്ങള്‍ നിലവില്‍ വരുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. ഐ.ആർ.ടി.സിയുമായി ചേര്‍ന്ന് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റമാണ് പുതിയ മൊബൈല്‍ ആപ് തയ്യാറാക്കുക. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്കായി വെവ്വേറെ ആപ്പുകളും വെബ്സൈറ്റുകളുമാണുള്ളത്. ഐ.ആർ.ടി.സി റെയില്‍ കണക്റ്റ് എന്ന ആപ്പിലൂടെയാണ് ഉപയോക്താക്കള്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിന്‍ ഷെഡ്യൂള്‍ നോക്കാനും ഇനി ഈ ആപ്പിലൂടെ കഴിയും. യാത്രക്കാരന് തൊട്ടടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഈ ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. പുതിയ ആപ്പില്‍ അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം, നാഷനല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം, ഐ.ആർ.ടി.സി റെയില്‍ ടിക്കറ്റ് സേവനങ്ങള്‍ തുടങ്ങിയവ എല്ലാം ലഭ്യമാകും. നിലവില്‍ വിവിധ ആപ്പുകളിലൂടെ ലഭ്യമാകുന്ന സേവനങ്ങളാണ് ഒറ്റ ആപ്പിലൂടെ ഉപഭോക്താവിനു ലഭിക്കുക.

സാമ്പത്തിക നേട്ടവും പുതിയ ആപ്പിലൂടെ റെയിൽവേ ലക്ഷ്യം വെക്കുന്നുണ്ട്.2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ആർ.ടി.സി 1111.26 കോടി രൂപ അറ്റാദായവും 4270.18 കോടി രൂപ വരുമാനവുമാണു നേടിയത്. റെയില്‍വേക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാല്‍, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വില്‍പ്പനയില്‍ നിന്നാണ് എന്നതും പുതിയ ആപ് കൊണ്ടുവരുന്നതിനു കാരണമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe