കലിക്കറ്റിൽ രജിസ്ട്രാറുടെ അധികാരത്തിൽ കൈകടത്തി വിസി; നീക്കം ലീഗ് സംഘടനാ നേതാവിനെ രക്ഷിക്കാൻ

news image
Nov 15, 2024, 5:08 am GMT+0000 payyolionline.in

തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലക്ക് ലക്ഷങ്ങൾ നഷ്ടംവരുത്തിയ മുസ്ലിംലീഗ് അനുകൂല സംഘടനാ നേതാവിനെ രക്ഷിച്ചെടുക്കാൻ വഴിവിട്ട നീക്കവുമായി താൽക്കാലിക വൈസ് ചാൻസലർ. സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് പ്രസിഡ് ടി മുഹമ്മദ്‌ സാജിദിനെ രക്ഷിക്കാനായി  വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ രജിസ്ട്രാറുടെ  അധികാരങ്ങളിലാണ്‌  കൈകടത്തുന്നത്‌.

സിൻഡിക്കറ്റംഗം അഡ്വ. എം ബി ഫൈസൽ നൽകിയ ഹർജിയിൽ താൻ അംഗീകരിക്കാതെ സർവകലാശാലയുടെ സത്യവാങ്‌മൂലം ഹൈക്കോടതിയിൽ ഫയൽചെയ്യരുതെന്ന് നിർദേശിച്ചിരിക്കുകയാണ് വൈസ് ചാൻസലർ. സർവകലാശാലയുടെ താൽപ്പര്യം നിയമപ്രകാരം സംരക്ഷിച്ച് സത്യവാങ്മൂലം ഫയൽചെയ്യേണ്ടത് രജിസ്ട്രാറുടെ ഉത്തരവാദിത്വമാണെന്നിരിക്കെ അധികാരദുർവിനിയോഗത്തിനാണ് വൈസ് ചാൻസലറുടെ ശ്രമം. സാജിദിന് അനുകൂലമായി കോടതിയിൽ നിലപാടെടുക്കണമെന്ന രാഷ്ട്രീയ താൽപ്പര്യമാണ് ഇടപെടലിനുപിന്നിൽ.

ചുമതലയേറ്റതുമുതൽ ഈ കേസിൽ വൈസ് ചാൻസലർ ഇടപെട്ടിരുന്നു. കുറ്റക്കാരനെന്ന് കണ്ട് സാജിദിനെ  ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ സ്ഥാനത്തുനിന്ന്  ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് തരംതാഴ്ത്തിയിരുന്നു. എന്നാൽ ചാൻസലർ കുറ്റവിമുക്തനാക്കി. ചാൻസലുടെ ഈ നടപടിക്കെതിരെ അപ്പീൽ പോകാൻ  സിൻഡിക്കറ്റ് എടുത്ത തീരുമാനം അന്നുതന്നെ മരവിപ്പിച്ചു. ഇതിനുശേഷം യുഡിഎഫ് കാലത്ത് ലോകായുക്തയായിരുന്ന റിട്ട. ജഡ്ജിയിൽനിന്ന്‌ ചാൻസലർക്കെതിരെ അപ്പീൽ പോകാൻ പാടില്ലെന്ന നിയമോപദേശം വാങ്ങിച്ചു. ഇത് സിൻഡിക്കറ്റ് പരിഗണനക്കുവന്നപ്പോൾ തള്ളി.

എന്നിട്ടും ലോക്കൽ ഏരിയാ നെറ്റ് വർക്ക് സംവിധാനം ഒരുക്കിയതിൽ 28 ലക്ഷത്തോളം രൂപ നഷ്ടമുണ്ടാക്കിയ സാജിദിനെ സംരക്ഷിക്കുകയാണ്‌ വൈസ് ചാൻസലർ. ഇതിനുശേഷം സാജിദ് പ്രസിഡന്റായ സംഘടനയുടെ വൈസ് പ്രസിഡന്റിനെ  ലീഗൽ സെല്ലിൽ സെക്ഷൻ ഓഫീസറാക്കി നിയമിച്ചു. ഇദ്ദേഹം സർവകലാശാലക്കെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയ വ്യക്തിയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചാണ് സ്ഥലംമാറ്റംനടന്നത് എന്നതിനാൽ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാൻസലർ ഇത് താൽക്കാലികമായി മരവിപ്പിച്ചിരിക്കയാണ്‌. ഇപ്പോൾ സർവകലാശാലയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി രജിസ്ട്രാറുടെ അധികാരത്തിൽ കൈകടത്തി ലീഗ് സംഘടനാ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് വൈസ് ചാൻസലർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe