കോഴിക്കോട് കടപ്പുറത്തു കച്ചവടം: പന്തൽ പൊളിച്ചു മാറ്റി ആരോഗ്യ വിഭാഗം

news image
Nov 16, 2024, 7:10 am GMT+0000 payyolionline.in

കോഴിക്കോട് ∙ കടപ്പുറത്ത് കച്ചവടം നടത്താനായി ഉന്തുവണ്ടികളോട് ചേർന്ന് ഉണ്ടാക്കിയ പന്തൽ ഉൾപ്പെടെ കോർപറേഷൻ ആരോഗ്യ വിഭാഗം പൊളിച്ചു നീക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ 3 മണിക്കൂറോളമാണ് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാന്റെ നേതൃത്വത്തിൽ നടപടി എടുത്തത്. 25 ഇടങ്ങളിലെ കയ്യേറ്റം ഒഴിപ്പിച്ചു. ഇതോടൊപ്പം സൗത്ത് ബീച്ച്, ഭട്ട് റോഡ്, വലിയങ്ങാടി ഭാഗത്തും പരിശോധന നടത്തി അനധികൃത കച്ചവടം ഉൾപ്പെടെ എടുത്തുമാറ്റി. ആദ്യം പന്തലിട്ട ശേഷം പിന്നീട് കസേര, മേശ തുടങ്ങിയവ നിരത്തി പലരും കച്ചവടം വിപുലീകരിച്ചിരുന്നു. ഇവ പൂർണമായും പൊളിച്ചുമാറ്റാൻ മൂന്നാഴ്ച മുൻപ് കോർപറേഷൻ നോട്ടിസ് നൽകിയെങ്കിലും കച്ചവടക്കാർ തയാറായില്ല. തുടർന്നാണ് ഇന്നലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിങ്ങനെ ആരോഗ്യ വിഭാഗം 4 പ്രത്യേക ടീമായി ഇറങ്ങി നടപടി എടുത്തത്.

മ​ഞ്ഞപ്പിത്തം: പരിശോധന കർശനമാക്കി
മ​ഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വിഭാഗം തെരുവോര കടകളിൽ വ്യാപക പരിശോധന നടത്തി. 19 കച്ചവടക്കാർക്ക് നോട്ടിസ് നൽകി. പഴകിയ ഐസ് ഉൾപ്പെടെ പിടികൂടി നശിപ്പിച്ചു. വൃത്തിയില്ലാത്ത സാഹചര്യത്തിൽ സൂക്ഷിച്ച വെള്ളം എടുത്ത് ഒഴിവാക്കി. ഉപയോഗ ശൂന്യമായ റഫ്രിജറേറ്ററിൽ സൂക്ഷിച്ച സാധനങ്ങളും എടുത്തുമാറ്റി. തുടർ ദിവസങ്ങളിലും എല്ലാ ഭക്ഷണ ശാലകളിലും പരിശോധന തുടരുമെന്ന് ഹെൽത്ത് ഓഫിസർ ഡോ. ടി.െക.മുനവർ റഹ്മാൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe