ലോസ് ഏഞ്ചൽസ് > പതിനഞ്ചാമത് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ്സിൽ പുരസ്കാരം നേടി എ ആർ റഹ്മാൻ. ബ്ലെസി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാര നേട്ടം. വിദേശ ഭാഷകളിലുള്ള ഫീച്ചർ ഫിലിമുകളിലെ ഒറിഡിനൽ സ്കോർ വിഭാഗത്തിലാണ് ആടുജീവിതം പുരസ്കാരം നേടിയത്.
മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി ആടുജീവിതത്തിലെ ‘പെരിയോനെ’ എന്ന ഗാനവും നോമിനേഷനിലുണ്ടായിരുന്നു. എ ആർ റഹ്മാൻ ഒരുക്കിയ ഗാനം ആലപിച്ചത് ജിതിൻ രാജാണ്. റഫീഖ് അഹമ്മദാണ് വരികളെഴുതിയത്.
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിൽ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാള ചിത്രമായി ആടുജീവിതം മാറി. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി ഒരുക്കിയ ചിത്രം 2024 മാർച്ചിലാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പട്ടിക പുറത്തുവിട്ടത്.
ഹോളിവുഡിലെ അവലോണിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ സംവിധായകൻ ബ്ലെസി അവാർഡ് ഏറ്റുവാങ്ങി. ഫീച്ചർ ഫിലിം, ഇൻഡിപെൻഡന്റ് ഫിലിം, സൈ ഫൈ, അനിമേഷൻ ചിത്രം, ഹൊറർ- ത്രില്ലർ, ഡോക്യുമെന്ററി, ഷോർട് ഫിലിം എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകിയത്.