‘കൊവിഡ് വാക്സിൻ കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം’; പ്രധാനമന്ത്രിയോട് കെ വി തോമസ്

news image
Nov 21, 2024, 3:22 pm GMT+0000 payyolionline.in

ദില്ലി: കൊവിഡ് മഹാമാരിയും പ്രതിരോധത്തിനായി നൽകിയ വാക്സിനും കൈകാര്യം ചെയ്തതിനെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തി ഉചിതമായ നടപടി എടുക്കണമെന്ന് കെ വി തോമസ്. സംസ്ഥാന സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ഇക്കാര്യം അഭ്യർത്ഥിച്ചത്.

കൊവിഡ് ബാധ ഇന്ത്യയിൽ അഞ്ച് ലക്ഷത്തോളം പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കിയെന്നാണ് വിവരങ്ങൾ നൽകുന്നത്. അതോടൊപ്പം തന്നെ കൊവിഡിനെ പ്രതിരോധിക്കാൻ നടത്തിയ വാക്സിനുകൾ ഗുണത്തേക്കാൾ ദോഷം ചെയ്തുവെന്നും പരാതിയും ഉണ്ട്. വളരെ ആരോഗ്യമുണ്ടായിരുന്ന നിരവധി ആളുകൾ കൊവിഡ് പ്രതിരോധ വാക്സിന് എടുത്ത ശേഷം മരണപ്പെട്ടു എന്നും കെ വി തോമസിന്‍റെ പരാതിയിൽ പറയുന്നു.

തന്‍റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു. എന്നാൽ കൊവിഡ് വാക്സിന്‍ എടുത്ത ശേഷം ഭാര്യയ്ക്ക് കിഡ്നിക്കും ഹൃദയത്തിനും തകരാർ ഉണ്ടാകുകയും കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ മരിക്കുകയും  ചെയ്തു. ഭാര്യയുടെ മരണം തനിക്കുണ്ടാക്കിയ വേദന വളരെ വലുതാണ്. ഇതുപോലെ പതിനായിരക്കണക്കിന് ആളുകൾ ഇന്ന് വേദന അനുഭവിക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ  കോവിഡ്  മഹാമാരിയേയും പ്രതിരോധ വാക്സിൻ കൈകാര്യം ചെയ്തതിനെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രധാനമന്ത്രിയോട് കെ വി തോമസ് അഭ്യർത്ഥിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe