കാഫിർ സ്ക്രീൻഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ

news image
Nov 25, 2024, 3:56 am GMT+0000 payyolionline.in

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസുകളിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും. വടകര എസ്.എച്ച്.ഒ ചിഫ് ജുഡീഷ്യൽ മേജസ്ട്രറ്റ് മുമ്പാകെയാണ് സമർപ്പിക്കുക. വിവാദ സന്ദേശം ആദ്യം അയച്ചത് ആരെന്ന വിവരം മെറ്റയിൽ നിന്നും കിട്ടിയില്ല. ഇക്കാര്യം പോലീസ് കോടതിയെ ഇന്ന് അറിയിക്കുമെന്നാണറിയുന്നത്. നിലവിൽ രണ്ടു കേസുകളിൽ ആണ് അന്വേഷണം നടക്കുന്നത്.

കേസെടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടി അന്വേഷണത്തിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ‌എന്നാൽ, പൊലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. തുടർന്നാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് ​ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്നേ പൊലീസിന് കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാതിരുന്ന പൊലീസ് സമയം നീട്ടി ചോദിക്കുകയായിരുന്നു. തുടർന്ന് റിപ്പോർട്ട് ഇന്ന് ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏറെ വിവാദമായ വിഷയമാണ് കാഫിർ സ്ക്രീൻഷോട്ട്. ഒടുവിൽ, സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പിലും ഈ വിഷയം സജീവ ചർച്ചയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe