നീർവ അമ്മയായി; കുനോയില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങള്‍

news image
Nov 25, 2024, 1:40 pm GMT+0000 payyolionline.in

ഭോപ്പാൽ:  മധ്യപ്രദേശിലെ  കുനോ നാഷണൽ പാർക്കിലെ നീർവ എന്ന ചീറ്റ  കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായിസംസ്ഥാന വനംവകുപ്പ് അറിയിച്ചു. കുഞ്ഞുങ്ങളുടെ കൃത്യമായ എണ്ണം ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസം മുഖ്യമന്ത്രി മോഹൻ യാദവ് ഒരു പെൺചീറ്റ ഗർഭിണിയാണെന്നും ഉടൻ തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് മുമ്പ് കുനോ നാഷ്‌ണൽപാർക്കിൽ  17 ചീറ്റക്കുഞ്ഞുങ്ങൾ പിറന്നിരുന്നു. ഇതിൽ 12 കുഞ്ഞുങ്ങൾ മാത്രമാണ്‌ അതിജീവിച്ചത്‌. അതോടെ കുനോയിലെ ചീറ്റകളുടെ എണ്ണം 24 ആയി.

രാജ്യത്ത്‌  വംശനാശം സംഭവിച്ച ഒരു വിഭാഗമാണ്‌ ചീറ്റ. 1950കളിൽ വംശനാശം സംഭവിച്ച ചീറ്റകൾക്ക് പകരം ചീറ്റകളുടെ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇന്ത്യയിൽ ചീറ്റകളെ സംരക്ഷിക്കാൻ തുടങ്ങിയത്‌. പ്രൊജക്റ്റ് ചീറ്റ പദ്ധതിയെന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയിൽ നിന്നും ചീറ്റകളെ  ഇന്ത്യയിലേക്ക്‌ എത്തിക്കാൻ തീരുമാനമായി. പ​ദ്ധതിയുടെ ഭാഗമായി മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ  ആവാസ വ്യസസ്ഥ പുനസൃഷ്ടിച്ചു.
2022 സെപ്‌തംബറിൽ നമീബിയയിൽ നിന്നും ആദ്യ ബാച്ച് ചീറ്റകളെ പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് എത്തിച്ചു. എട്ടു ചീറ്റകളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. പിന്നീട്‌ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും 12 മുതിർന്ന ചീറ്റകളെ പദ്ധതിയുടെ ഭാഗമായികൊണ്ടുവന്നു. അതോടെ ഇന്ത്യയിൽ 20 ചീറ്റകളായി. പിന്നീട്‌ ഗാമിനി, ആഷ, ജ്വാല എന്നീ ചീറ്റപ്പുലികൾക്ക് 17 കുഞ്ഞുങ്ങളും പിറന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ചീറ്റകളാണ് ചത്തത്. നിലവിൽ 13 മുതിർന്ന ചീറ്റകളും 12 ചീറ്റ കുഞ്ഞുങ്ങളും മാത്രമാണ് അവശേഷിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe