ദില്ലി: ഐസിഎസ്ഇ, ഐഎസ്സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 13 മുതൽ ഏപ്രിൽ 5 വരെയും നടക്കും.
രണ്ട് മണിക്കൂര്‍ മുതൽ മൂന്നു മണിക്കൂര്‍ വരെയാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ സമയം. ചില പരീക്ഷകള്‍ രാവിലെ ഒമ്പതിനും ചിലത് ഉച്ചയ്ക്കുശേഷം രണ്ടിനുമാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 18ന് (രാവിലെ 11) ഇംഗ്ലീഷ് ലാംഗ്വേജ് പേപ്പര്‍ ഒന്നോടെയായിരിക്കും പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുക. മാര്‍ച്ച് 27ന് എന്‍വയോണ്‍മെന്റൽ സയന്‍സ് (ഗ്രൂപ്പ്-2 ഇലക്ടീവ്) പരീക്ഷയോടെയായിരിക്കും പൂര്‍ത്തിയാകുക.
പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പരീക്ഷ ഹാളിൽ എത്തണം. ഇലക്ട്രോണിക് ഉപകരണങ്ങളും കാല്‍ക്കുലേറ്ററും ഹാളില്‍ കൊണ്ടുവരാൻ പാടില്ല.
ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂന്നു മണിക്കൂറായിരിക്കും ഉണ്ടാകുക. രാവിലെയും ഉച്ചയ്ക്കുശേഷവുമായിട്ടാണ് പരീക്ഷ. ഫെബ്രുവരി 13ന് എന്‍വയോണ്‍മെന്റൽ സയന്‍സ് പരീക്ഷയോടെ ആരംഭിക്കുന്ന പരീക്ഷ ഏപ്രിൽ അഞ്ചിന് ആര്‍ട്ട് പേപ്പര്‍ -5ഓടെയായിരിക്കും പൂര്‍ത്തിയാകുക. ഉച്ചയക്ക് രണ്ടിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 1.45 മുതൽ 15 മിനുട്ട് ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. അതുപോലെ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് 8.45മുതൽ ചോദ്യപേപ്പര്‍ വായിച്ചുനോക്കാനുള്ള സമയം ഉണ്ടാകും. 2025 മെയിലായിരിക്കും പരീക്ഷ ഫലം പ്രഖ്യാപിക്കുക.