ദേശീയപാത നിർമാണം: ചേളന്നൂർ പോഴിക്കാവ് കുന്ന് ഇടിച്ചുനിരത്തുന്നു

news image
Nov 25, 2024, 3:34 pm GMT+0000 payyolionline.in

ചേളന്നൂർ : പുതിയേടത്ത് താഴം – ചിറക്കുഴി റോഡിനു സമീപം പോഴിക്കാവ് കുന്ന് ഇടിച്ചു നിരത്തുന്നതിനെതിരെ നാട്ടുകാർ മല സംരക്ഷണ ചങ്ങല തീർത്തു. ദേശീയപാത നിർമാണത്തിനെന്ന പേരിലാണ് അടുത്ത കാലത്തായി ഇടതടവില്ലാതെ ഇവിടെ നിന്നു മണ്ണെടുത്തത്.

4 മാസം മുൻപ് ഗതാഗത യോഗ്യമാക്കിയ പുതിയേടത്ത് താഴം ചിറക്കുഴി റോഡിലൂടെയായിരുന്നു ടൺകണക്കിനു ഭാരമുള്ള ലോറിയിൽ മണ്ണു കൊണ്ടുപോയിരുന്നത്. നവീകരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായ റോഡ് ഇതോടെ പല ഭാഗത്തായി തകർന്നു. കാൽനടയാത്രക്കു പോലും പറ്റാതെയായി. മണ്ണുമായി ഇടതടവില്ലാതെ വാഹനങ്ങൾ പോയതിനെ തുടർന്നു പൊടിശല്യം രൂക്ഷമായതിനാൽ നാട്ടുകാർക്ക് ഏറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.

ചേളന്നൂർ കണ്ണങ്കര പോഴിക്കാവ് കുന്ന് ഇടിച്ചു നിരത്തി മണ്ണെടുക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു നടത്തിയ ജനകീയ കൂട്ടായ്മയിൽ മല സംരക്ഷിക്കുമെന്നു നാട്ടുകാർ പ്രതിജ്ഞ എടുക്കുന്നു.

10 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങൾ ഇതിലെ കൊണ്ടുപോകരുതെന്നു ബോർഡു വച്ചിരുന്നെങ്കിലും 20 ടണ്ണോളം ഭാരമുള്ള വാഹനങ്ങൾ മണ്ണുമായി ഇതിലെ പോയിരുന്നു. ഇതിനെതിരെ ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe