ബംഗളൂരു: മലയാളികൾ ലോകമെമ്പാടും സാന്നിധ്യമറിയിച്ചവരാണെന്നും പ്രവാസികൾ എക്കാലത്തും സേവനത്തിൽ മുൻപന്തിയിലാണെന്നും കേരള കൃഷി മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കേരള സമാജം പീനിയ സോൺ സംഘടിപ്പിച്ച ഓണാഘോഷം പീനിയ ദാസറഹള്ളിയിലുള്ള ശ്രീസായി കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ പി.പി. ജോസ് അധ്യക്ഷതവഹിച്ചു.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ ബി.വി. രമേഷ്, ഫിനാൻസ് കൺവീനർ ജയദേവൻ, വനിതാ വിഭാഗം ചെയർപേഴ്സൺ കെ. റോസി എന്നിവർ സംബന്ധിച്ചു. സമാജം കുടുംബങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ, പ്രമുഖ പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിച്ച സംഗീത സന്ധ്യ എന്നിവ നടന്നു. ഈ ഓണാഘോഷത്തോടെ കേരള സമാജം ബംഗളൂരുവിന്റെ ഓണാഘോഷങ്ങൾക്ക് സമാപനമായതായി ജനറൽ സെക്രട്ടറി റെജികുമാർ അറിയിച്ചു.