അർധരാത്രി പെൺകുട്ടികളെ കാണാൻ വീട്ടിലെത്തിയ യുവാക്കൾ ഏറ്റുമുട്ടി; നാലുപേർ പിടിയിൽ, പീഡനത്തിന് രണ്ടുപേർക്കെതിരെ കേസ്

news image
Dec 3, 2024, 6:01 am GMT+0000 payyolionline.in

ഹരിപ്പാട്: പത്താം ക്ലാസ് വിദ്യാർഥിനികളുടെ വീട്ടിലെത്തിയ കാമുകന്മാരും ആൺ സുഹൃത്തുക്കളും ഏറ്റുമുട്ടി. നാലുപേരെ പൊലീസ് പിടികൂടി. പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ കരുവാറ്റ വിവി ഭവനത്തിൽ വിഷ്ണുനാഥ് (22), കരുവാറ്റ അമ്മൂമ്മപ്പറമ്പ് കോളനി അഭിജിത്ത് (19) എന്നിവരും വീട്ടിൽ അതിക്രമിച്ചു കയറിയതിന് കുമാരപുരം എരിയ്ക്കാവ് അശ്വതി ഭവനത്തിൽ ആദിത്യൻ (18), പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥി എന്നിവരും അറസ്റ്റിലായി.

ശനിയാഴ്ച അർധരാത്രിയാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും പഠനാവശ്യത്തിന് എന്ന പേരിൽ വീട്ടിലെത്തിയ സഹപാഠിയായ വിദ്യാർഥിനിയും ഉണ്ടായിരുന്ന വീട്ടിലേക്കാണ് വിദ്യാർഥികളായ രണ്ട് ആൺ സുഹൃത്തുക്കൾ എത്തിയത്. ഈ സമയംതന്നെ പെണ്‍കുട്ടികളുടെ കാമുകന്മാരും അവിടെ എത്തിയപ്പോഴാണ് ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. മദ്യലഹരിയിലായിരുന്ന ഒരാളെ വീട്ടുകാര്‍ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

തുടർന്ന് മറ്റു മൂന്നു പ്രതികളെ കൂടി പിടികൂടി. അന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടു വർഷമായി ലൈംഗിക പീഡനത്തിനിരയായിരുന്നതായി കണ്ടെത്തി. ഹരിപ്പാട് എസ്.എച്ച്.ഒ മുഹമ്മദ്‌ ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഷൈജ, ഉദയൻ, എ.എസ്.ഐ ശ്യാം കുമാർ സി.പി.ഒമാരായ രേഖ, സനീഷ്, ശ്രീജിത്ത്‌ പ്രമോദ്, ശരത്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe