ആലപ്പുഴ: ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിൽ പ്രതികൾ നൽകിയത് ഓൺലൈൻ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് പണമുണ്ടാക്കാമെന്ന വാഗ്ദാനം. ഇത് വിശ്വസിച്ച അധ്യാപകന് നഷ്ടമായതാകട്ടെ 13,67,000 രൂപ. കേസിലെ പ്രതിയായ മലപ്പുറം തലക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കാക്കുഴിയിൽ വീട്ടിൽ മുഹമ്മദ് റമീഷിനെ (20) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ പാലക്കാട് ആളൂർ സ്വദേശി ദുബൈയിലേക്ക് കടന്നിരിക്കുകയാണ്.
ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ നെടുമുടി സ്വദേശിയായ അധ്യാപകനിൽനിന്ന് 13,67,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മെസഞ്ചർ ആപ്ലിക്കേഷൻ വഴി ടൂർ പാക്കേജ് കമ്പനിയുടെ റിവ്യൂ ചെയ്ത് വീട്ടിലിരുന്ന് ഓൺലൈൻ വഴി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തുന്നത്.
പ്രതികൾ അയച്ചുകൊടുത്ത ലിങ്ക് വഴി പരാതിക്കാരനെ ടൂർ പാക്കേജ് കമ്പനിയുടേതെന്ന പേരിലുള്ള വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിക്കുകയായിരുന്നു. വെബ്സൈറ്റിൽ വിവിധ സ്ഥലങ്ങളിൽ ടൂർ പാക്കേജിൽ സെലക്ട് ചെയ്യുന്നതിനും റിവ്യൂ ചെയ്യുന്നതിനും പ്രതിഫലം കിട്ടിയതായി കാണിക്കും. എന്നാൽ, ഈ തുക പിൻവലിക്കണമെങ്കിൽ പണം അടച്ച് രജിസ്റ്റർ ചെയ്യണം. ഇത്തരത്തിലാണ് വിവിധ തവണകളിലായി വൻ തുക തട്ടിയെടുത്തത്.
ഈ കേസിലെ മറ്റൊരു പ്രതിയായ പാലക്കാട് ആളൂർ സ്വദേശി പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 3,20,000 രൂപ ചെക്കുവഴി പിൻവലിച്ചശേഷം ദുബൈയിലേക്ക് കടന്നിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സൈബർ ക്രൈം പൊലീസ് അറിയിച്ചു.