ന്യൂഡല്‍ഹി: ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനുമുമ്പ് കോടതികള്‍ ഇരകളുടെ വാദം കേള്‍ക്കണമോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി. ബലാത്സംഗക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരായ അപ്പീലിൽ ജസ്റ്റിസുമാരായ ബി.ആര്. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് കോടതി കേസ് കേൾക്കാൻ തീരുമാനിച്ച് നോട്ടീസ് അയച്ചു.
ഇരയുടെ വാദം കേള്‍ക്കാതെയാണ് പ്രതിക്ക് മുൻകൂർ ജാമ്യം എന്ന് വ്യക്തമാക്കിയാണ് ഹൈകോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയിരുന്നത്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ ഹൈകോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഉത്തരവില്‍ പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് ഹൈകോടതിതന്നെ അംഗീകരിച്ചശേഷവും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത് തെറ്റാണെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആര്. ബസന്ത് വാദിച്ചു.