കണ്ണൂർ അഴീക്കലിൽ തൊഴിലാളിയുടെ മരണം കൊലപാതകം; അന്വേഷണം

news image
Dec 3, 2024, 1:28 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ നിർമാണ തൊഴിലാളികൾ സ്ഥലത്തെത്തിയപ്പോഴാണ് ആദ്യം മൃതദേഹം കാണുന്നത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി തകർന്ന ചെങ്കല്ലുമുണ്ടായിരുന്നു. ഉടനെ വളപട്ടണം പൊലീസെത്തി പരിശോധന നടത്തി. മരിച്ചത് ഒഡീഷ സ്വദേശി രമേഷ് ദാസെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

രമേഷിന്റെ കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തായി രണ്ട് സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി. അടിയിൽ തലയോട്ടി തകർന്നിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായാണ് സൂചന. വളപട്ടണം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe