കൊല്ലം: നടുറോഡിൽ കാറിൽ യുവതിയെ ചുട്ടുകൊന്ന സംഭവത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കൊട്ടിയം തഴുത്തലതുണ്ടിൽ മേക്കതിൽ അനില (44) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് പത്മരാജനുമായി (60) പൊലീസ് തെളിവെടുപ്പ് നടത്തിയത്.
സംഭവം നടന്ന കൊല്ലം ചെമ്മാൻമുക്കിൽ പ്രതിയുമായി പൊലീസെത്തി. ആസൂത്രിതമായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അനിലയെ കൊലപ്പെടുത്തിയതിൽ പ്രതിക്ക് പശ്ചാത്താപമില്ല. 14 വയസ്സുള്ള മകളുടെ കാര്യത്തിലാണ് വിഷമമെന്ന് പ്രതി പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
കടപ്പാക്കട നായേഴ്സ് ആശുപത്രിക്കുസമീപം ‘നിള ബേക്കേഴ്സ്’ എന്ന സ്ഥാപനം നടത്തുകയായിരുന്നു അനില. ബിസിനസ് പാർട്ട്ണറായ ഹനീഷ് ലാലുമായുള്ള ഇവരുടെ സൗഹൃദമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തന്നെ ഹനീഷ് അനിലയുടെ മുന്നിലിട്ട് മർദിച്ചിട്ടും പിടിച്ചുമാറ്റാൻ പോലും അവർ തയാറായില്ലെന്നും അത് വിഷമിപ്പിച്ചുവെന്നും പത്മരാജൻ പൊലീസിനോട് പറഞ്ഞു. രണ്ടുദിവസം മുമ്പാണ് പദ്മരാജനെ അനിലയുടെ ഹനീഷ് ബേക്കറിയിൽവെച്ച് മർദിച്ചത്.
ചൊവ്വാഴ്ച രാത്രി ബേക്കറി അടച്ച് ജീവനക്കാരനായി സോണി എന്ന യുവാവിനൊപ്പം കാറിൽ മടങ്ങുമ്പോഴാണ് പിന്നാലെ വാനിലെത്തിയ പത്മരാജൻ വണ്ടി ചേർത്ത് നിർത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന അനിലയുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. പത്മരാജനും സോണിക്കും പൊള്ളലേറ്റു.
ഇരു വാഹനങ്ങളും കത്തിനശിച്ചു. അനിലക്കൊപ്പം ഹനീഷ്ലാലും ഉണ്ടാകുമെന്ന ധാരണയിലാണ് പത്മരാജൻ തീയിട്ടത്. രണ്ടുപേരെയും കൊല്ലുകയായിരുന്നു ലക്ഷ്യം.
ഹനീഷ് ലാലുമായുള്ള സൗഹൃദവും പാർട്ട്ണർഷിപ്പും ഒഴിയണമെന്ന് പത്മരാജൻ ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തംഗം സാജന്റെ മധ്യസ്ഥതയിൽ ചൊവ്വാഴ്ച പകൽ ഇക്കാര്യം ചർച്ചചെയ്യുകയും ഹനീഷ് മുടക്കിയ ഒന്നരലക്ഷം മടക്കികൊടുത്ത് പാർട്ട്ണർഷിപ് ഒഴിയാൻ ധാരണയായതുമാണ്.
ഈ തുക പത്മരാജൻ കൊടുക്കണമെന്നതു സംബന്ധിച്ചും അനിലയുമായി തർക്കമുണ്ടായെങ്കിലും ഈമാസം 10ന് പണം നൽകാമെന്നും ധാരണയായി. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം കൊലപാതകത്തിലേക്കാണ് കാര്യങ്ങൾ എത്തിയത്.