ബംഗളൂരുവിൽ പൊലീസിനെ കുഴപ്പിച്ച് പാൽ മോഷണം; സംഭവം പാൽ വില ഉയരുന്നതിനിടെ

news image
Dec 5, 2024, 9:10 am GMT+0000 payyolionline.in

ബംഗളൂരു: നഗരത്തിൽ പാൽ വില ഉയർന്നതോടെ, പാക്കറ്റ് പാൽ മോഷ്ടിക്കുന്ന കുറ്റകൃത്യവും ഉയരുന്നതായി റിപ്പോർട്ട്. ബുധനാഴ്ച കൊനാനകുണ്ഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിലുണ്ടായ പാൽ മോഷണം വിൽപ്പനക്കാരെയും പൊലീസിനെയും ഒരുപോലെ കുഴപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പുലർച്ചെ പാൽ വിതരണക്കാർ കടകളിൽ പാക്കറ്റുകൾ എത്തിക്കുന്നതിനിടെയാണ് മോഷണം.

റോഡരികിലെ ചില്ലറ വിൽപ്പനക്കാരന്‍റെ കട വരാന്തയിൽ പാൽ അടങ്ങിയ പെട്ടികൾ ഇറക്കിവെച്ച ശേഷം പാൽ കമ്പനിയുടെ വാൻ പോയതിനു പിന്നാലെ, ഇരുചക്ര വാഹനത്തിൽ എത്തിയവർ പെട്ടി ഉൾപ്പെടെ തട്ടിയെടുത്താണ് കടന്നത്. എല്ലാദിവസവും പാൽ വിൽക്കുന്ന കടക്കാരൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കടക്കാരൻ വിളിച്ചതു പ്രകാരം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാക്കളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല.

1000 രൂപയോളം വിലയുള്ള 15- 20 ലിറ്റർ പാലാണ് മോഷ്ടിക്കപ്പെട്ടത്. സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ല. സംഭവത്തിൽ കടയുടമ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. സമാനമായ മറ്റൊരു സംഭവത്തിൽ ഇന്ദിരാനഗറിലും പാൽ മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe