ആഗ്ര (ഉത്തർപ്രദേശ്): മോഡലിനെ ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് ബന്ദിയാക്കി അക്രമികൾ കവർന്നത് ഒരു ലക്ഷത്തോളം രൂപ. രണ്ട് മണിക്കൂറോളം സൈബർ കുറ്റവാളികൾ ഡിജിറ്റൽ അറസ്റ്റിലാണെന്ന് പറഞ്ഞാണ് മോഡലിനെ കബളിപ്പിച്ചത്.
മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് അനധികൃതമായി പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ചാണ് കവർച്ചക്കാർ 2017ലെ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർഥിയും മോഡലുമായ ശിവങ്കിത ദീക്ഷിതിനെ കബളിപ്പിച്ചത്.
99,000 രൂപ ഇവരിൽ നിന്ന് നഷ്ടപ്പെട്ടതായി ലോഹമാണ്ടി അസിസ്റ്റന്റ് പൊലീസ് കമീഷണർ മായങ്ക് തിവാരി പറഞ്ഞു. വാട്സ്ആപ്പ് കോൾ വിളിച്ച് സി.ബി.ഐ ‘ഓഫിസർ’മാരായി നടിച്ച തട്ടിപ്പുകാർ അറസ്റ്റ് ഒഴിവാക്കാൻ 99,000 രൂപ കൈമാറാൻ മോഡലിനോട് പറയുകയായിരുന്നു. പണം കൊടുത്തു കഴിഞ്ഞ് വീട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മായങ്ക് തിവാരി കൂട്ടിച്ചേർത്തു.