പയ്യോളി : മാറിയ സാമൂഹ്യ സാഹചര്യത്തിൽ എത്ര പ്രഗൽഭനായ അധ്യാപകൻ ആയാലും കുട്ടികൾക്ക് സ്വീകാര്യത കുറയുന്നു എന്ന് പ്രസിദ്ധ സാഹിത്യകാരൻ വി.ആർ സുധീഷ് അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന പരമമായ സ്വാതന്ത്ര്യം പഴയ അധ്യാപക വിദ്യാർത്ഥി ബന്ധത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അധ്യാപകന്റെ മൂല്യം എക്കാലത്തും ഉയർത്തിപ്പിടിക്കേണ്ടതാണെന്നും വി.ആർ സുധീഷ് പറഞ്ഞു.
പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻറ് ടി.ഖാലിദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്വാഗതസംഘം ചെയർമാനും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജമീല സമദ് അധ്യക്ഷയായി.
പ്രസിദ്ധ മാന്ത്രികൻ ശ്രീജിത്ത് വിയൂർ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ ബിനു കാരോളി , പി. ടി.എ പ്രസിഡന്റ് പ്രമോദ് , പ്രധാന അധ്യാപകൻ പി.സൈനുദ്ദീൻ, മുൻ പ്രധാന അധ്യാപകൻ കെ.എൻ ബിനോയ്കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു . പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് പാലേരി നന്ദി പറഞ്ഞു. വ്യത്യസ്ത വർഷങ്ങളിൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹ സല്ലാപത്തിന് ശേഷം വിവിധ കലാപരിപാടികളും അരങ്ങേറി