ഓൺലൈൻ ഷോപ്പിംഗിൽ ഓർഡർ ക്യാൻസൽ ചെയ്താൽ ഇനി പണികിട്ടും; റദ്ദാക്കൽ ഫീസ് ഈടാക്കാൻ ഈ പ്ലാറ്റ്‌ഫോമുകൾ

news image
Dec 11, 2024, 1:10 pm GMT+0000 payyolionline.in

ഓൺലൈൻ ഷോപ്പിംഗ് ഇന്ന് വളരെ ജനപ്രിയമാണ്. കോവിഡിന് ശേഷമാണു ഓൺലൈൻ ഷോപ്പിങ്ങിന് കൂടുതൽ സ്വീകാര്യത ലഭിച്ചിട്ടുള്ളത്. എന്തെങ്കിലും വാങ്ങണമെങ്കിൽ പുറത്തേക്ക് ഇറങ്ങേണ്ട ആവശ്യമില്ല. ഫോൺ ഉപയോഗിച്ച് തന്നെ എവിടെയിരുന്നും ഇന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാം. ഇനി ഓർഡർ ചെയ്ത് ലഭിക്കുന്നത് ഇഷ്ട്ടപെട്ടില്ലെങ്കിൽ ഓർഡർ റദ്ദാക്കാനുള്ള ഓപ്ഷനും ഉണ്ട്. നിലവിൽ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെല്ലാം ഈ അവസരം നൽകാറുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ  ഫ്ലിപ്പ്കാർട്ടിൽ ഉടൻ തന്നെ ഈ ഓപ്‌ഷൻ അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

ഉപഭോക്താക്കൾ ചില ഓർഡറുകൾ റദ്ദാക്കുമ്പോൾ ഫീസ് ഈടാക്കാൻ ഫ്ലിപ്പ്കാർട്ട് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. അതായത് ഭാവിയിൽ നിങ്ങളുടെ ഓർഡർ റദ്ദാക്കണമെങ്കിൽ, ഫീസ് നൽകേണ്ടി വരുമെന്ന് അർഥം. ഈ  ഫീസ് നിങ്ങൾ ഓർഡർ ചെയ്ത ഇനത്തിൻ്റെ വിലയെ ആശ്രയിച്ചിരിക്കും.

ഉപഭോക്താക്കൾ ഓർഡറുകൾ റദ്ദാക്കുമ്പോൾ സ്ഥാപനങ്ങൾക്ക് ഉണ്ടാകുന്ന ചെലവും സമയനഷ്ടവും എല്ലാം കണക്കിലെടുത്താണ് തീരുമാനം. ഒപ്പം വിൽപ്പനക്കാരെയും ഡെലിവറി പങ്കാളികളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് സൂചന. ഇനി മുതൽ സൗജന്യമായി റദ്ദാക്കാൻ കഴിയുന്ന ഒരു നിശ്ചിത സമയപരിധിക്ക് ശേഷം റദ്ദാക്കൽ ഫീസ് ആരംഭിക്കും.

ഫ്ലിപ്പ്കാർട്ട് ഇതുവരെ ഈ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിൽപ്പനക്കാരുടെ നഷ്ടം കുറയ്ക്കുന്നതിനും വഞ്ചന നടപടികൾ കുറയ്ക്കുന്നതിനും വേണ്ടിയാണു  പുതിയ നിയമങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫ്ലിപ്പ്കാർട്ടിൻ്റെ അതേ മാതൃ കമ്പനിയുടെ കീഴിൽ വരുന്ന മറ്റൊരു ഷോപ്പിംഗ് സൈറ്റായ മിന്ത്രയ്ക്കും ഇത് ബാധകമായേക്കാം.

അതായത് ചുരുക്കത്തിൽ പറഞ്ഞാൽ, ഇനി ഓൺലൈനിൽ ഓർഡർ ചെയ്ത ഉത്പന്നങ്ങൾ കമ്പനികൾ പറയുന്ന സമയപരിധിക്ക് ശേഷം റദ്ദാക്കിയാൽ ഉത്പന്നത്തിന്റെ വില അനുസരിച്ച് ക്യാൻസലേഷൻ ഫീസ് നൽകേണ്ടതായി വരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe