കൊച്ചി: കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോൾ ആധികാരികരേഖ പരിശോധിച്ച് പ്രായം ഉറപ്പാക്കണമെന്ന് ഹെെക്കോടതി. പരിശോധിച്ച രേഖയുടെ പകർപ്പ് റിമാൻഡ് റിപ്പോർട്ടിനൊപ്പം നൽകണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, ജി ഗിരീഷ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്രായപൂർത്തിയായവർക്കൊപ്പം കുട്ടികൾ ജയിലിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന്, അന്വേഷണ ഉദ്യോഗസ്ഥർക്കും ജുഡീഷ്യൽ ഓഫീസർമാർക്കുമാണ് കോടതി മാർഗനിർദേശം നൽകിയത്.
ദേവികുളം കുണ്ടള സാന്റോസ് കോളനിയിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ട കേസിൽ പ്രതികളായ മാതാപിതാക്കൾക്കൊപ്പം രണ്ട് ആൺകുട്ടികൾക്ക് 11 വർഷം ജയിലിൽ കഴിയേണ്ടിവന്ന കേസിലാണ് കോടതിയുടെ ഇടപെടൽ. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഇവരെ വിട്ടയക്കാൻ മാസങ്ങൾക്കുമുമ്പ് കോടതി ഉത്തരവിട്ടിരുന്നു. ഇവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ സർക്കാരിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വാദംകേട്ടശേഷമാണ് മാർഗനിർദേശം നൽകി യത്.
മജിസ്ട്രേട്ടിനുമുമ്പിൽ പ്രതിയെ ഹാജരാക്കുംമുമ്പ് രേഖ പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ അക്കാര്യം റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കണം. അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് രേഖ മജിസ്ട്രേട്ടിന് സമർപ്പിക്കേണ്ടത്. ശരീരവലുപ്പവും പ്രായവും തമ്മിൽ പൊരുത്തക്കേട് തോന്നിയാൽ ശിശുസംരക്ഷണ നിയമത്തിലെ വ്യവസ്ഥപ്രകാരം അന്വേഷിച്ച് ഉചിതമായ ഉത്തരവിടണം. രേഖ ഹാജരാക്കാനാകാത്തതിന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ മജിസ്ട്രേട്ട് രേഖപ്പെടുത്തണം. പ്രായം ഉറപ്പാക്കുംവരെ ജയിലിലോ കസ്റ്റഡിയിലോ വിടരുതെന്നും നിർദേശമുണ്ട്.
ദേവികുളം കേസിൽ കുട്ടികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം മാതാപിതാക്കൾ അറിയിച്ചില്ലെന്നും രേഖകളിലൂടെ ബോധ്യപ്പെടുത്തിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. ഈ സാഹചര്യങ്ങളിൽ നഷ്ടപരിഹാരം നൽകാൻ നിലവിൽ നിയമമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നിയമംകൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്ന് നിർദേശിച്ചു.