പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, നടുറോഡിൽ പ്രതിഷേധവുമായി നാട്ടുകാർ

news image
Dec 12, 2024, 12:30 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സിമൻ്റ് ലോറി ഉയർത്തിയിട്ടുണ്ട്. ലോറിക്കടിയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയിലുണ്ട്. എന്നാൽ ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകട വിവരം അറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ഉൾപ്പെടെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. പൊലീസും സ്ഥലത്തെത്തി  രക്ഷാപ്രവർത്തനം നടത്തി. നിയന്ത്രണം വിട്ടെത്തിയ ലോറി വിദ്യാർത്ഥികളുടെ മുകളിലേക്ക്  പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യ നില ഗുരുതരമായ വിദ്യാർത്ഥികളാണ് മരണത്തിന് കീഴടങ്ങിയത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

സ്കൂളിന് സമീപത്ത് വെച്ചാണ് ദാരുണാപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി. വിവിധ ആംബുലൻസുകളിലായാണ് പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ ​ഗ​താ​ഗതക്കുരുക്കാണ് രൂപപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe