സ്വിഗ്ഗി തൊഴിലാളി സമരം താൽക്കാലം നിർത്തി; മാനേജ്മെന്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം

news image
Dec 16, 2024, 5:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സംവിധാനമായ സ്വിഗ്ഗിയിലെ തൊഴിലാളികൾ അനിശ്ചിത കാല പണിമുടക്ക് അവസാനിപ്പിച്ചു. മന്ത്രി വി ശിവൻകുട്ടി ഇടപെട്ടതിനെ തുടർന്നാണ് താൽക്കാലികമായി സമരം അവസാനിപ്പിച്ചത്. ഈ മാസം 23 നു മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിക്കുന്നുണ്ട്. സ്വിഗി മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് സ്വിഗ്ഗി തൊഴിലാളികൾ അറിയിച്ചു.

ശമ്പള വര്‍ധന ഉൾപ്പെടെ തൊഴിലാളികൾ നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് സൊമാറ്റോയിലെ തൊഴിലാളികളും ഇന്ന് സൂചന പണിമുടക്ക് നടത്തിയിരുന്നു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പണിമുടക്ക് ആരംഭിച്ചത്.

പണിമുടക്കിയ തൊഴിലാളികൾ തിരുവനന്തപുരത്ത് ഇന്‍സ്റ്റാ മാർട്ടിന് മുന്നിൽ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂണിയനുകൾ മാനേജ്മെന്‍റിന് കത്ത് നൽകിയിരുന്നു. പക്ഷേ ഒന്നും അംഗീകരിക്കാൻ മാനേജ്മെന്‍റ് തയ്യാറായില്ല. ശമ്പളം വ‍ധിപ്പിക്കുക, ഫുൾടൈം ജോലി ചെയ്യുന്നവര്‍ക്ക് മിനിമം ഗാരണ്ടിയായി 1250 രൂപ നല്‍കുക, ലൊക്കേഷൻ മാപ്പിൽ കൃത്രിമം കാട്ടുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe