ഉളിക്കൽ (കണ്ണൂർ): ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളുടെ വീട്ടിന്റെ ടെറസിൽനിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ പിടികൂടി. ഉളിക്കൽ പരിക്കളത്ത് മൈലപ്രവൻ ഗിരീഷി(37)ന്റെ വീട്ടിൽനിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ പ്രദേശത്ത് നിന്ന് സ്ഫോടന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. സമീപം മറ്റൊരു ഒഴിഞ്ഞ പാത്രം കിടക്കുന്നുണ്ട്. അതിൽ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.
ആർ.എസ്.എസ് മുൻ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മിൽ ചേർന്നത്. പരിക്കളത്ത് സി.പി.എം ലോക്കൽ കമ്മിറ്റി കുടുംബ സംഗമത്തിൽ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാർട്ടി പതാക കൈമാറി സ്വീകരിച്ചത്.