ബംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ഹെബ്ബാൾ ജി.കെ.വി.കെ റോഡിലെ 39കാരനായ ഐ.ടി ജീവനക്കാരന് 11.8 കോടി രൂപ നഷ്ടപ്പെട്ടു. സംഭവത്തെത്തുടർന്ന് യുവാവ് ബംഗളൂരു നോർത്ത് ഈസ്റ്റ് സി.ഇ.എൻ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽനിന്നെന്ന വ്യാജേനയാണ് യുവാവിന് ആദ്യ ഫോൺ വരുന്നത്.
അദ്ദേഹത്തിന്റെ ആധാർ ദുരുപയോഗം ചെയ്ത് വ്യാജ സിം എടുത്തിട്ടുണ്ടെന്നും അവ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കുപയോഗിച്ചതിനാൽ മുംബൈ കൊളബ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് അറിയിച്ചത്.
ഏതാനും ദിവസത്തിനു ശേഷം മറ്റൊരു നമ്പറിൽനിന്ന് വിളിച്ച് ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനുപയോഗിച്ചതിനാൽ കേസ് എടുത്തിട്ടുണ്ടെന്നും ഈ വിവരം മറ്റൊരാളോടും പറയരുതെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിന്നീട് വിഡിയോ കാൾ വിളിച്ച് കേസ് സുപ്രീംകോടതിയിലാണെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, റിസർവ് ബാങ്കിന്റെ മാർഗനിർദേശ പ്രകാരം ബാങ്കിങ് ട്രാൻസാക്ഷനുകൾ പരിശോധിക്കണമെന്നും വെരിഫിക്കേഷനു വേണ്ടി യുവാവിന്റെ അക്കൗണ്ടിലെ പണം ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വ്യത്യസ്ത അക്കൗണ്ടുകളാണ് പണമയക്കാനായി നൽകിയത്. ഐ.ടി ആക്ട്, ഭാരതീയ ന്യായ സംഹിത സെഷൻ 2318, 319 എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.