കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടിച്ചെടുത്തു; റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും

news image
Dec 25, 2024, 3:34 am GMT+0000 payyolionline.in

കോയമ്പത്തൂർ: കേരള ലോട്ടറിയുടെ വൻ ശേഖരം തമിഴ്നാട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. വിവിധ നറുക്കെടുപ്പുകളുടെ 1900 ടിക്കറ്റുകളാണ് തമിഴ്നാട് പൊലീസ്  കോയമ്പത്തൂരിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 42കാരനായ നാഗരാജ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റുകൾക്ക് പുറമെ 2.25 കോടി രൂപയും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

കേരളത്തിന് പുറത്ത് വിൽക്കാൻ പാടില്ലാത്ത ലോട്ടറി ടിക്കറ്റുകളാണ് തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃതമായി ലോട്ടറി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ കാർത്തികേയന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. എട്ട് പ്രത്യേക അന്വേഷണം സംഘങ്ങൾ രൂപീകരിച്ച് മുന്നോട്ടു പോകുന്നതിനിടെയാണ് കഴി‌ഞ്ഞ ദിവസം മുപ്പതിലേറെ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്. പൊള്ളാച്ചി, വാൽപാറ, അന്നൂർ, കരുമാത്താംപട്ടി എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടന്നു.

പിടിയിലായ നാഗരാജ് പാലക്കാട് വാളയാറിലെ ഒരു ലോട്ടറി ഏജൻസിയിൽ ക്യാഷ്യറായി ജോലി ചെയ്യുകയാണ്. ഇയാളുടെ വീട്ടിൽ നിന്ന് കിട്ടിയ 2.25 കോടി രൂപയിൽ രണ്ട് ലക്ഷം രൂപയോളം 2000 രൂപയുടെ നോട്ടുകളാണ്. ഇയാൾ കേരള ലോട്ടറി അനധികൃതമായി എത്തിച്ച് തിരുപ്പൂർ, പൊള്ളാച്ചി പ്രദേശങ്ങളിൽ വിൽപന നടത്തിവരികയായിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. കേരള ലോട്ടറി ടിക്കറ്റുകൾക്ക് ഈ പ്രദേശങ്ങളിൽ വലിയ ഡിമാൻ‍ഡ് ഉണ്ടെന്നും പൊലീസ് പറയുന്നു.

ലോട്ടറി ടിക്കറ്റ് വിൽപനയ്ക്ക് പുറമെ ടിക്കറ്റുകളുടെ അവസാന നമ്പർ വെച്ച് അനധികൃത ചൂതാട്ടവും നടത്താറുണ്ടെന്നും കണ്ടെത്തി. കേരള, നാഗലാൻഡ് സംസ്ഥാനങ്ങളിലെ ലോട്ടറി ടിക്കറ്റുകളുടെ അവസാന അക്കങ്ങൾ ഉപയോഗിച്ച് ദിവസവും പല തവണ നറുക്കെടുപ്പുകൾ ഇവർ തന്നെ നടത്താറുണ്ടത്രെ. ഉച്ചയ്ക്ക് 12 മണിക്കും രണ്ട് മണിക്കും കേരള ലോട്ടറി ടിക്കറ്റുകളുടെ നമ്പറുകൾ വെച്ചും 12 മണി, മൂന്ന് മണി, 6 മണി, 8 മണി എന്നീ സമയങ്ങളിൽ നാഗലാൻ‍ഡ് ലോട്ടറി ടിക്കറ്റുകൾ ഉപയോഗിച്ചുമാണ് അനധികൃത നറുക്കെടുപ്പിന്റെ പദ്ധതി.

പ്രത്യേക വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ ടിക്കറ്റ് നമ്പറുകൾ അറിയിക്കുകയാണ് ചെയ്യുന്നത്. ഇടപാടുകാർ തങ്ങൾക്ക് ഇഷ്ടമുള്ള നമ്പറുകൾ പണം നൽകി തെരഞ്ഞെടുക്കാം.  ഔദ്യോഗിക ഫലം വന്നു കഴിഞ്ഞാൽ ഇവർ പിന്നീട് തങ്ങളുടെ സ്വന്തം വിജയികളെയും പ്രഖ്യാപിക്കുന്നതാണ് രീതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe