കൊച്ചി: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ ജനുവരി 12ന് മുമ്പുതന്നെ സ്പോട്ട് ബുക്കിങ്ങിലടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈകോടതി. സന്നിധാനത്ത് എത്തുന്നവരിൽ പലരും മകരവിളക്ക് തൊഴുത് മടങ്ങാൻ അവിടെ തങ്ങുന്നതാണ് പ്രശ്നമാകുന്നത്.
12 മുതൽ നിയന്ത്രണമുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. പമ്പയിലെ സ്പോട്ട് ബുക്കിങ് നിലക്കലിലേക്ക് മാറ്റേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇതിനുമുമ്പേ നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് വഴി ഒാരോ ദിവസവും എത്തുന്നതിനെക്കാൾ അധികം ഭക്തജനത്തിരക്കാണ് സന്നിധാനത്തുള്ളതെന്ന് കോടതി പറഞ്ഞു. തങ്ങുന്നവരെ കൂടാതെ പരമ്പരാഗത പാതയിലൂടെ കൂടുതൽ പേർ എത്തുന്നുണ്ടോയെന്ന സംശയവുമുണ്ട്. ഇതാണ് നിയന്ത്രണം അനിവാര്യമാക്കുന്നത്. നിലവിൽ ദിവസം ഒരു ലക്ഷത്തിലധികം തീർഥാടകരാണ് എത്തുന്നത്.
പരമ്പരാഗത പാതയിലൂടെ കടത്തിവിടാൻ മുക്കുഴി വരെ വാഹനത്തിൽ തീർഥാടകരെ എത്തിക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് തേടി. മുക്കുഴിയിൽനിന്ന് സ്പെഷൽ പാസ് നൽകിയതിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോർട്ട് വ്യാഴാഴ്ച നൽകുമെന്ന് സർക്കാർ അറിയിച്ചു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.