കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ പ്രമുഖ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബി ചെമ്മണൂരിന്റെ അഭിഭാഷകനോട് ആരാഞ്ഞു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണൂർ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നുമുള്ള ബോബിയുടെ വാദങ്ങള്‍ തള്ളിയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അഭിരാമി ഇന്നലെ ബോബിയെ റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കാക്കനാട് ജില്ല ജയിലിലാണ് അയച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയതോടെ ജയിലിൽ തന്നെ തുടരും.
ഹരജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ഹൈകോടതി ചോദിച്ചു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണൂർ ഉറപ്പു നൽകാമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മറുപടി പറയാൻ സർക്കാരിന് സമയം നൽകിയ കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.