ബംഗളൂരു: ബഹിരാകാശത്ത് പയർ വളരുന്നതിന്റെ ടൈംലാപ്സുമായി ഐ.എസ്.ആർ.ഒ. സ്പെയ്ഡെക്സ് ദൗത്യത്തിന്റെ ഭാഗമായി പോയെം- 4ൽ ബഹിരാകാശത്തേക്ക് അയച്ച പയർ വിത്തുകൾ മുളക്കുന്നതിന്റെയും ഇലകൾ വിരിയുന്നതിന്റെയും 48 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആർ.ഒ എക്സിലൂടെ പുറത്തുവിട്ടത്.
2035ഓടെ ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിക്കുക എന്ന ചരിത്ര ദൗത്യത്തിലേക്ക് നിർണായക ചുവടായാണ് ഐ.എസ്.ആര്.ഒയുടെ സ്പെയ്ഡെക്സ് പേടകം ഡിസംബർ 30ന് വിജയകരമായി വിക്ഷേപിച്ചത്. സ്പെയ്ഡെക്സ് ബഹിരാകാശത്തെത്തി നാലു ദിവസത്തിനുള്ളിലാണ് പോയെം (പി.എസ്.എൽ.വി-സി ഓർബിറ്റൽ എക്സിപിരിമെന്റ് മോഡ്യൂൾ) പേലോഡിലെ പയർ വിത്തുകൾ മുളച്ചത്.
ബോക്സിൽ എട്ട് വെള്ള പയർ വിത്തുകൾ ഉണ്ടായിരുന്നു. മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങളിൽ സസ്യം വളർത്തുന്നത് സംബന്ധിച്ച കോംപാക്ട് റിസർവ് മോഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ് (CROPS) ഉപയോഗപ്പെടുത്തിയാണ് വിത്തുകൾ മുളപ്പിച്ചത്.
സസ്യത്തിന്റെ വളർച്ച നിരീക്ഷിക്കാനുള്ള ഹൈഡെഫിനിഷൻ കാമറകൾ, ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ് ലെവലുകൾ അറിയാനുള്ള സെൻസറുകൾ, ഹ്യുമിഡിറ്റി ഡിറ്റക്ടറുകൾ, താപനില നിരീക്ഷിക്കുന്ന സംവിധാനം, മണ്ണിന്റെ നനവ് അളക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പേലോഡിൽ സജ്ജീകരിച്ചിരുന്നു. മൈക്രോ ഗ്രാവിറ്റി അന്തരീക്ഷത്തിൽ വിത്ത് മുളക്കുന്നതും സസ്യത്തിന്റെ അതിജീവനവും സംബന്ധിച്ച ഗവേഷണങ്ങൾക്കുള്ള ക്രോപ്സ് പേലോഡ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ആണ് വികസിപ്പിച്ചത്.