ഹൈദരാബാദ്: നടൻ വെങ്കിടേഷ് ദഗ്ഗുബതി, അദ്ദേഹത്തിന്‍റെ അനന്തരവനും നടനുമായ റാണാ ദഗ്ഗുബതി, നിർമ്മാതാവ് ഡി.സുരേഷ് ബാബു, മകൻ ഡി.അഭിറാം എന്നിവർക്കും എതിരെ ഡെക്കാൻ കിച്ചൺ എന്ന റെസ്റ്റോറന്‍റ് പൊളിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസ് എടുത്ത് ഹൈദരാബാദ് ഫിലിംനഗർ പോലീസ്.
നന്ദ കുമാർ എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. പ്രതികളായവര്‍ തന്‍റെ റസ്റ്റോറന്‍റ് പൊളിച്ചുനീക്കിയെന്നും ഇതിലൂടെ തനിക്ക് കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്നുമാണ് ഇയാള്‍ പറയുന്നത്. ദഗ്ഗുബതി കുടുംബത്തിന്‍റെ കൈയ്യിലുള്ള ജൂബിലി ഹിൽസിലെ ഫിലിംനഗർ റോഡ് നമ്പർ 1-ലെ പ്ലോട്ട് നമ്പർ 2, 3 എന്നീ സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് റസ്റ്റോറന്‍റ് നടത്തിവരുകയായിരുന്നു പരാതിക്കാരന്‍.
ഡെക്കാൻ കിച്ചൻ എന്ന റെസ്റ്റോറന്‍റ് ആരംഭിക്കുന്നതിന് 20 കോടി രൂപയുടെ ഗണ്യമായ നിക്ഷേപങ്ങളാണ് 2014 ലെ പാട്ടക്കരാറിലൂടെ വാടകയ്ക്ക് എടുത്ത സ്ഥലത്ത് താന്‍ നടത്തിയത് എന്നാണ് നന്ദകുമാര്‍ പറയുന്നത്. എന്നാല്‍ 2018-ൽ ഈ കരാര്‍ തര്‍ക്കമാവുകയും ഇത് നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.
ഹൈദരാബാദിലെ സിറ്റി സിവിൽ കോടതിയിലെ അഡീഷണൽ ചീഫ് ജഡ്‌ജിയുടെ നിലവിലുള്ള ഇടക്കാല ഉത്തരവ് അവഗണിച്ച് 2022 നവംബറിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) പാട്ടത്തിന് എടുത്ത വസ്തുവിലെ ഹോട്ടലിന്‍റെ ഭാഗങ്ങൾ പൊളിക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരൻ ആരോപിച്ചു.
“കോടതി ഈ പൊളിക്കൽ നിർത്തിവച്ചിരുന്നു. എന്നാൽ 2022 നവംബർ 13-ന് വൈകുന്നേരം പ്രതികൾ റസ്റ്റോറന്‍റ് പൊളിക്കാനും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാനും 50 മുതൽ 60 വരെ വ്യക്തികളെ വച്ച് ശ്രമം നടത്തി” എന്നാണ് കുമാര്‍ പറയുന്നത്
പിന്നീട് 2024 ജനുവരിയിൽ ദഗ്ഗുബതി കുടുംബം കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയെന്നും കുമാര്‍ പറയുന്നത്. കോടതി ഉത്തരവുകൾ ലംഘിച്ചാണ് ഈ നീക്കം എത്തതിനാല്‍ നന്ദകുമാര്‍ കോടതിയെ സമീപിച്ചു, വിഷയം അന്വേഷിക്കാൻ കോടതി പോലീസിനോട് ഉത്തരവിട്ടു. കേസിൽ നടപടികൾ തുടരുകയും ശനിയാഴ്ച കോടതി ദഗ്ഗുബതി കുടുംബത്തിലെ പരാതിയില്‍ പറയുന്നവര്‍ക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസ് എഫ്ഐആര്‍ ഇട്ടത്.