മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മൂത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനിയാണ് കൊല്ലപ്പെട്ടത്. ആടിനെ മേയ്ക്കാൻ പോയതായിരുന്നു.
റോഡിൽനിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലാണ് സംഭവം നടന്ന സ്ഥലം. നിലമ്പൂർ കരുളായി വനമേഖലയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഇന്ന് രാവിലെയാണ് സരോജിനി ആടിനെ മേയ്ക്കാൻ പോയത്.
10 ദിവസം മുമ്പ് കരുളായി വനത്തിലെ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ ആദിവാസി യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട മണി (35) ആണ് ജനുവരി നാലിന് രാത്രി കൊല്ലപ്പെട്ടത്. മകളോടൊപ്പം പോകവേ കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ച് വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.