ചാലക്കുടി: മദ്യപരായ ജീവനക്കാർക്കെതിരെ നടപടി കൂടുതൽ കർശനമാക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നീക്കം. മദ്യപാന കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിലാണിത്. മദ്യപിച്ച് സസ്പെൻഡ് ചെയ്യപ്പെടുന്നവരെ അതത് യൂനിറ്റുകളിൽ പുനഃപ്രവേശിപ്പിക്കാതിരിക്കാനും അവരെ പകരം മൂന്ന് ജില്ലകൾക്കപ്പുറത്തേക്ക് സ്ഥലംമാറ്റാനുമാണ് ആലോചന. മദ്യപിച്ച് സസ്പെൻഷനിലായാലും അതത് യൂനിറ്റുകളിൽ തന്നെ പുനഃപ്രവേശനം നൽകുന്നതിനാൽ ജീവനക്കാർ വിഷയത്തെ ലാഘവത്തോടെ കാണുകയാണെന്നാണ് ആരോപണം.
മദ്യപിച്ചാണോ ഡ്യൂട്ടിക്ക് ഹാജരാവുന്നതെന്ന് അറിയാൻ ഓരോ ഡിപ്പോയിലും രാവിലെ ഡ്യൂട്ടിക്ക് വരുമ്പോൾ ബ്രീത്ത് അനലൈസർ വെച്ച് ഊതിക്കുന്ന പരിപാടിയുണ്ട്. ചിലർ ബ്രീത്തിങ് ടെസ്റ്റിൽ പരാജയപ്പെടുന്നതിനാൽ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാതെ മാറ്റിനിർത്തുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്.