ദില്ലി:ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതി അനുശാന്തിയ്ക്ക് ജാമ്യം നൽകികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. അനുശാന്തിയുടെ ശിക്ഷ താൽകാലികമായി മരവിപ്പിച്ചുകൊണ്ടാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിചാരണക്കോടതി ജാമ്യവ്യവസ്ഥകൾ തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി രാവിലെ ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താൽകാലിമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തിൽ ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാൽ, ശിക്ഷ റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കിയിട്ടില്ല. ഈ ഹർജി തീർപ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ തവണ അനുശാന്തിയുടെ ഹർജി പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാൽ, കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
കേസിൽ അനുശാന്തിക്കായി അഭിഭാഷകൻ വി.കെ ബിജു, സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ പി വി ദിനേശ്, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു. അനു ശാന്തിയുമായി ഗൂഢാലോചന നടത്തി കേസിലെ ഒന്നാം പ്രതി നിനോ മാത്യു അനുശാന്തിയുടെ മൂന്നര വയസായ മകളെയും ഭര്‍തൃ മാതാവിനെയും വെട്ടിക്കൊല്ലപ്പെടുത്തിയെന്നാണ് കേസ്. 2014 ഏപ്രില്‍ 16നായിരുന്നു സംഭവം. വിചാരണക്കോടതി നിനോ മാത്യുവിന് വിധിച്ച വധ ശിക്ഷ 25 വര്‍ഷം തടവായി കുറച്ച ഹൈക്കോടതി അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ശരിവയ്ക്കുകയായിരുന്നു.