ന്യൂഡൽഹി: ശൈത്യതരംഗം ആഞ്ഞടിക്കുന്ന ഡൽഹിയിൽ കൊടുംതണുപ്പിൽപ്പെട്ട് 56 ദിവസത്തിനിടെ 474 പേർ മരണത്തിന് കീഴടങ്ങി. നവംബർ 15 മുതൽ ജനുവരി 10വരെയുള്ള കണക്കാണിത്. തെരുവിൽ കഴിയുന്നവർക്കായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ സെന്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്മെന്റ് (സിഎച്ച്ഡി) ആണ് കണക്ക് പുറത്തുവിട്ടത്. മരണങ്ങൾ തടയാൻ നടപടിയാവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഡൽഹി ചീഫ് സെക്രട്ടറി ധർമേന്ദ്ര സിങിന് നൽകിയെന്ന് സിഎച്ച്ഡി എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ കുമാർ അലെഡിയ പറഞ്ഞു.
കനത്ത മൂടൽ മഞ്ഞാണ് ബുധനാഴ്ചയും അനുഭവപ്പെട്ടത്. ലക്ഷ്മി നഗർ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, ശങ്കർ വിഹാർ പ്രദേശങ്ങളിൽ രാവിലെ ദൂരക്കാഴ്ച പൂജ്യമായി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ 300 വിമാനങ്ങൾ വൈകി.