ന്യൂഡല്‍ഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷകാര്യങ്ങളിൽ തമിഴ്നാടിന്റെ സ്വാധീനം അവസാനിക്കുന്നു. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കേന്ദ്ര ജലശക്തി മന്ത്രാലയം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി ഉത്തരവിറക്കി. ഇതുവരെ തമിഴ്നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്.
അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമീഷന് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. അണക്കെട്ട് സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്.
നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപവത്കരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍. നേരത്തേ ജല കമ്മിഷന് ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്. അണക്കെട്ടിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പലപ്പോഴും തമിഴ്നാടിന്റെ എതിർപ്പിന് കാരണമായിരുന്നു.