നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ പറയാൻ കഴിയില്ല, സാമ്പിൾ പരിശോധനാ ഫലം വരട്ടേയെന്ന് ഫോറസിക് സംഘം

news image
Jan 16, 2025, 9:07 am GMT+0000 payyolionline.in

തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണ കാരണം ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ലെന്ന് ഫോറൻസിക് സംഘം. പോസ്റ്റ്മോർട്ടം പൂർത്തിയായി. ഗോപൻ സ്വാമിയുടെ മൃതദേഹത്തിൽ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാൽ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പൊലീസിനെ അറിയിച്ചത്. മരണം അസ്വാഭാവികമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ശ്വാസ കോശത്തിൽ നിന്നും ശേഖരിച്ച സാമ്പിൾ പരിശോധന ഫലം വരണം. അതിന് ശേഷമേ മരണകാരണത്തിൽ നിഗമനത്തിലെത്താൻ കഴിയൂവെന്നും ഫോറൻസിക് സംഘം വ്യക്തമാക്കി.

ഗോപൻ സ്വാമിയുടെ മൃതദേഹം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. മതാചാര്യന്മാരെ പങ്കെടുപ്പിച്ചാകും ചടങ്ങ് നടക്കുക. മൃതദേഹം ഇന്ന് നിംസ് ആശുപത്രിയിൽ  സൂക്ഷിക്കും.

വൻ വിവാദങ്ങൾക്കൊടുവിലാണ് ഇന്ന് രാവിലെ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി സ്ഥലമായ കല്ലറ തുറന്നത്. കല്ലറയിൽ കണ്ടത് ഗോപൻസ്വമിയുടെ മൃതദേഹമാണെന്ന് സാക്ഷികളായ ജനപ്രതിനിധികൾ വ്യക്തമാക്കി. ഇരുത്തിയ നിലയിൽ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയായിരുന്നു മൃതദേഹം. മക്കൾ മൊഴി നൽകിയത് പോലെ ചമ്രം പടിഞ്ഞിരിക്കുന്നത് പോലെയായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തലയിൽ സ്ലാബ് മുട്ടാത്ത നിലയിലായിരുന്നുവെന്നും സാക്ഷികൾ പറയുന്നു.

പ്രതിഷേധങ്ങളൊന്നുമില്ലാതെ കനത്ത സുരക്ഷയിലായിരുന്നു കല്ലറ തുറക്കൽ. കല്ലറ തുറക്കും മുമ്പ് സബ് കലക്ടർ ഗോപൻ സ്വാമിയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. കല്ലറ തുറന്നാൽ ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ ഭീഷണി മുഴക്കിയ മക്കൾ പക്ഷെ നടപടി തുടങ്ങിയപ്പോൾ പ്രതിഷേധിച്ചില്ല.

അവശനിലയിൽ കിടപ്പിലായിരുന്ന ഗോപൻ സ്വാമി എങ്ങനെ സമാധി സ്ഥലത്തെത്തി. അവിടെ വെച്ച് മരിച്ചുവെന്ന മക്കളുടെ മൊഴിയിൽ ഇനിയും ദുരൂഹതയുണ്ട്. അതിനുമപ്പറും എന്തായിരിക്കും മരണകാരണമെന്നതാണ് ഇനി അറിയേണ്ടത്. സമാധിയിലെ പൂർണ്ണസത്യം ഇനിയും പുറത്ത് വരാനുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട് കൂടി പുറത്ത് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe