നടൻ സെയ്ഫ് അലി ഖാനെ കുത്തിയ അക്രമി പൊലീസ് കസ്റ്റഡിയിലെന്ന് സൂചന

news image
Jan 17, 2025, 5:29 am GMT+0000 payyolionline.in

മുംബൈ: വീട്ടിൽ അതിക്രമിച്ചു കയറി ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേൽപിച്ച അക്രമി പൊലീസ് പിടിയിലെന്ന് സൂചന. വ്യാഴാഴ്ച വൈകീട്ടോടെ ദാദർ പൊലീസാണ് അക്രമിയെ പിടികൂടിയതെന്നാണ് വിവരം. പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച പുലർച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരൺ’ കെട്ടിടത്തിലെ അപ്പാർട്മെന്റിലാണ് സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തിൽ പതിച്ച ഹാക്സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടൻ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. നേരത്തെ, പ്രതിയുടേതെന്ന് സംശയിക്കുന്ന, കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി കെട്ടിടത്തിൽ കടന്നതും രക്ഷപ്പെട്ടതും അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സ്റ്റെയർകെയ്സ് വഴിയാണ്. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്. നടിയും ഭാര്യയുമായ കരീന കപൂർ, മക്കളായ തയ്മൂർ, ജേഹ് എന്നിവരും രണ്ട് വനിത ജീവനക്കാരുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ അക്രമിയിൽനിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ മുറിയിൽ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകൾ ഗുരുതരമായിരുന്നു. മകൻ ഇബ്രാഹീം അലിഖാനാണ് ഓട്ടോയിൽ നടനെ 3.30ഓടെ ആശുപത്രിയിൽ എത്തിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe