യു.എ.പി.എ കേസിൽ പോപുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യമില്ല

news image
Jan 17, 2025, 8:07 am GMT+0000 payyolionline.in

ന്യൂഡൽഹി: യു.എ.പി.എ കേസിൽ ജയിലിൽ കഴിയുന്ന നിരോധിത സംഘടനയായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിന് സുപ്രീംകോടതി ജാമ്യം നൽകിയില്ല. ആരോഗ്യകാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്നഭ്യർഥിച്ചാണ് തിഹാർ ജയിലിൽ കഴിയുന്ന അബൂബക്കർ സുപ്രീംകോടതിയെ സമീപിച്ചത്.

2022 സെപ്റ്റംബർ 22നാണ് നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(എൻ.ഐ.എ) അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം ഡൽഹി ഹൈകോടതിയെ ജാമ്യത്തിനായി സമീപിച്ചിരുന്നു.

എന്നാൽ ആരോഗ്യകാരണങ്ങൾ പരിഗണിച്ച് പോപുലർ ഫ്രണ്ട് മുൻ ചെയർമാന് ജാമ്യം നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

70 വയസു പിന്നിട്ട താൻ പാർക്കിൻസൺസ് രോഗബാധിതനാണെന്നും അർബുദത്തിന് ചികിത്സയിലാണെന്നും അബൂബക്കർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരായ കേസ് തെളിയിക്കുന്നതിൽ എൻ.ഐ.എ പരാജയപ്പെട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.

 

പി.എഫ്.ഐയും അതിന്റെ ഭാരവാഹികളും മറ്റ് അംഗങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തുകയും ഇതിനായി തങ്ങളുടെ കേഡറിനെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ് എൻ.ഐ.എയുടെ വാദം. 2022ൽ കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പോണ്ടിച്ചേരി, ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിലും വ്യാപകമായി പി.​എഫ്.ഐ അംഗങ്ങളെ അറസ്റ്റ് ചെയ്തു. 2022 സെപ്റ്റംബർ 28ന് പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും കേന്ദ്രസർക്കാർ അഞ്ചുവർഷത്തേക്ക് നിരോധിക്കുകയും ചെയ്തു. ആഗോള ഭീകരസംഘടനയായ ഐ.എസുമായി പി.എഫ്.ഐക്കു ബന്ധമുണ്ടെന്നും കേന്ദ്രസർക്കാർ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe