‘പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി’; പ്ലസ് വൺ വിദ്യാർഥിക്ക് സസ്പെൻഷൻ, മാനസാന്തരമുണ്ടെന്ന് വിദ്യാർഥി

news image
Jan 22, 2025, 5:41 am GMT+0000 payyolionline.in

ആനക്കര (പാലക്കാട്): മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്ലസ് വൺ വിദ്യാർഥിക്ക് സസ്പെൻഷൻ. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അച്ചടക്ക നടപടിക്ക് വഴിവെച്ച സംഭവം നടന്നത്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് കർശന വിലക്ക് അധികൃതർ ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് വിദ്യാർഥി കൊണ്ടുവന്ന ഫോൺ ക്ലാസിൽവെച്ച് അധ്യാപകൻ പിടിച്ചെടുക്കുകയും പ്രിൻസിപ്പലിന് കൈമാറുകയും ചെയ്തു.

ഇതേതുടർന്ന് വിദ്യാർഥി പ്രിൻസിപ്പലിന്‍റെ മുറിയിലെത്തി ഫോണ്‍ ആവശ്യപ്പെട്ടപ്പോൾ നൽകാഞ്ഞതോടെയാണ് വധഭീഷണി മുഴക്കിയത്. സംഭവത്തിൽ പ്രിൻസിപ്പൽ അനിൽ കുമാർ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിൽ അടിയന്തര പി.ടി.എ യോഗം വിളിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, സംഭവത്തിൽ മാനസാന്തരമുണ്ടെന്ന് വിദ്യാർഥി തൃത്താല പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്‍റെ ദേഷ്യത്തില്‍ ഭീഷണിപ്പെടുത്തിയത്. മാപ്പ് പറയാന്‍ തയാറാണെന്നും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാൻ ഇടപെടണമെന്നും വിദ്യാർഥി പൊലീസിനോട് അഭ്യർഥിച്ചു.

അതേസമയം, അധ്യാപകരുടെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സി.ഐ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe