കൊല്ലം: വർക്കലയിൽ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ്ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും സംഭവം പുറംലോകം അറിഞ്ഞതും.
സംഭവത്തെ കുറിച്ച് വർക്കല പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ്. പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും, ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പൊലീസ് മനസ്സിലാക്കിയത്.
തുടർന്ന് പൊലീസ് പ്രതിയുടെ വീട് വളഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പിനിരയായ യുവതികൾ പൊലീസ് സ്റ്റേഷനിൽ എത്തി പണവും സ്വർണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. 20 പവനോളം സ്വർണ്ണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു.
രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.