തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകിയത്.
വിഡിയോ എടുത്ത അധ്യാപകരുടെ നടപടിയില്‍ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. വെറും പതിനാറോ, പതിനേഴോ വയസ്സുമാത്രം പ്രായമുള്ള വിദ്യാർഥിയുടെ വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ അധ്യാപകർ പ്രചരിപ്പിച്ചത് ശരിയായില്ലെന്നാണ് വിമർശനം. പാലക്കാട് ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം.
വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ വിദ്യാർഥിയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലായിരുന്നു പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘പുറത്തു കിട്ടിയാൽ കൊന്നിടും’ എന്ന ഭീഷണിയുടെ വിഡിയോ ഞെട്ടലോടെയാണു നാടു കണ്ടത്