തിരുവനന്തപുരം: വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിശ്രമ ജീവിതം നയിക്കുന്ന സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. വി.എസിനെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഗവർണർ കണ്ടത്.
കോളജ് പഠനകാലത്താണ് താൻ വി.എസിനെ കുറിച്ച് കേൾക്കുന്നത്. മാതൃകാപരമായി പൊതുജീവിതം നയിച്ച ആളാണ്. ഗവർണറായി എത്തിയപ്പോൾ വി.എസിനെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു.
ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ കേരളത്തിന്റെ 23ാമത്തെ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലെക്കർ കേരള ഗവർണറായത്.
മുൻ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു ആർലെക്കർ. ആർ.എസ്.എസിലൂടെ വളർന്നാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ദീർഘകാലം ആർ.എസ്.എസ് ചുമതലകൾ വഹിച്ച ശേഷം 1989ലാണ് ബി.ജെ.പിയിൽ അംഗത്വം എടുക്കുന്നത്.
ഗോവ ബി.ജെ.പി ജനറല്‍ സെക്രട്ടറി, ഗോവ വ്യവസായ വികസന കോർപറേഷൻ ചെയർമാൻ, ഗോവ പട്ടിക ജാതി മറ്റു പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപറേഷൻ ചെയർമാൻ, ബി.ജെ.പി ഗോവ യൂനിറ്റിന്റെ ജനറൽ സെക്രട്ടറി, ബി.ജെ.പി സൗത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഭരണതലത്തിൽ സർക്കാറിനോടും നടുറോഡിൽ മുഖ്യഭരണകക്ഷിയുടെ വിദ്യാർഥി വിഭാഗവുമായും ഏറ്റുമുട്ടിയാണ് അഞ്ച് വർഷത്തിലേറെ നീണ്ട കാലയളവ് പൂർത്തിയാക്കി ആരിഫ് മുഹമ്മദ് കേരളം വിട്ടത്.