അടിമാലി: പഴബ്ലിച്ചാലിൽ ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ കുറ്റവാളി വീരപ്പൻ സന്തോഷ് പൊലീസിനെ വെട്ടിച്ച് വീണ്ടും രക്ഷപെട്ടു. കൂട്ടാളികളായ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. ഇവർ വേട്ടയാടി കൊന്ന മ്ലാവിന്റെ ഇറച്ചിയും എല്ലുകളും പൊലീസ് പിടികൂടി. ബുധനാഴ്ച വൈകിട്ട് 6.30ഓടെയാണ് അടിമാലി പൊലീസ് ഇരുമ്പുപാലം 14-ാം മൈൽ നരിക്കുഴിൽ സന്തോഷ് (വീരപ്പൻ സന്തോഷ് -49) നെ പിടികൂടാൻ എത്തിയത്.
പഴബ്ലിച്ചാൽ സ്കൂൾ പടിയിൽ മറ്റത്തിൽ ഷൈനിന്റെ വീട്ടിലായിരുന്നു സന്തോഷും സഹായി പയ്യന്നൂർ വില്യാപ്പിള്ളിൽ ഹരീഷും ഒളിവിൽ കഴിഞ്ഞിരുന്നത്. പൊലീസിനെ കണ്ട് മൂവരും വീട്ടിൽനിന്ന് ഇറങ്ങി ഓടി. ഏറെ നേരത്തെ ശ്രമഫലമായി ഷൈനെയും ഹരീഷിനെയും പൊലീസ് പിടികൂടി. ഇതിനിടെ വീരപ്പൻ സന്തോഷ് വലിയ പാറയുടെ മുകൾ ഭാഗത്തേക്ക് കയറി. പിന്നാലെ പൊലീസും പാറയിലേക്ക് കയറി.
കീഴ്ക്കാം തൂക്കായ പാറയിൽ അപകടഭാഗത്ത് നിലയുറപ്പിച്ച സന്തോഷ് തന്നെ പിടിക്കുന്ന പൊലീസുകാരെയുമായി താഴെക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. ഇതോടെ നേരം ഇരുട്ടി. പൊലീസ് ഉടൻ ഫയർഫോഴ്സിന്റെ സേവനം തേടി. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും സന്തോഷ് ഇവിടെനിന്നും മുങ്ങി. രാത്രി ഏറെ വൈകിയാണ് ഇയാൾക്കായുള്ള തിരച്ചിൽ നിർത്തിയത്. പാറക്ക് മുകളിൽ കുടുങ്ങിയ പൊലീസുകാരെ സഹസപ്പെട്ടാണ് രക്ഷിച്ചത്.
വനപാലകരെ വധിക്കാൻ ശ്രമിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി സന്തോഷിനെ പ്രഖ്യാപിച്ചിരുന്നു. സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയ സംഭവത്തിന് ശേഷം സന്തോഷ് ഒളിവിലായിരുന്നു. പടിക്കപ്പ് കട്ടമുടിയിൽ തോക്കുചൂണ്ടി വനപാലകരെ രണ്ട്കിലോമീറ്ററിലധികം പിറകോട്ട് നടത്തിയ കേസിൽ അടക്കം നിരവധി വനം – പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയാണ്. മറ്റ് ജില്ലകളിൽ ഗുണ്ടാ സംഘങ്ങൾ വരെ വീരപ്പൻ സന്തോഷിന് ഉണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കെതിരെ കേസുണ്ട്.
രണ്ട് മാസം മുമ്പും ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പിടി കൂടിയ മ്ലാവ് ഇറച്ചിയും മ്ലാവിന്റെ എല്ലുകളും പൊലീസ് വനം വകുപ്പിന് കൈമാറി. പൊലീസ് പിടികൂടിയ രണ്ട് പേരെയും വനം വകുപ്പിന് കൈമാറി. വനംവകുപ്പ് മൂവർക്കുമെതിരെ കേസെടുത്തു. ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യു, അടിമാലി സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐ ജിബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.