മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണ ശ്രമത്തിനിടെ നടനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി ഷരീഫുൾ ഇസ്ലാമിന്റെ മൊഴി പൊലീസ് പുറത്തുവിട്ടു. തന്റെ പ്രധാന ലക്ഷ്യം പണം മോഷ്ടിക്കലാണെന്നും നടനെയോ മറ്റോ ഉപദ്രവിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി.
തന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനും പ്രതി പോലീസിനോട് അഭ്യർഥിച്ചു. ബാന്ദ്ര പൊലീസാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡിസംബർ 15ന് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടതിനാൽ മോഷണത്തിന് നിർബന്ധിതനായതായും ഇയാൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
നടന്റെ വീട്ടിലെ മോഷണം വിജയകരമായിരുന്നുവെങ്കിൽ ഇന്ത്യ വിട്ട് ബംഗ്ലാദേശിലേക്ക് പോകുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു. ആക്രമണത്തിന് ശേഷം നടനെ ലീലാവതി ആശുപത്രിയിൽ ഇറക്കിയ ഓട്ടോറിക്ഷാ ഡ്രൈവർ ഭജൻലാൽ സിങ്ങിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബുധനാഴ്ച രാത്രി വൈകി പൊലീസ് സലൂൺ ഉടമയുടെ മൊഴി രേഖപ്പെടുത്തി. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വീട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ നടനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികയുടെതായി പൊരുത്തപ്പെടുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നിന്ന് ചർച്ച്ഗേറ്റ് ട്രെയിനിൽ കയറിയ പ്രതി ദാദറിൽ ഇറങ്ങുകയായിരുന്നു. വോർളിയിലെ കോളിവാഡയിലെ സലൂണിലെത്തിയാണ് ഇയാൾ മുടി മുറിച്ചത്. അതിനിടെ, കേസിൽ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ മൊഴി ബാന്ദ്ര പോലീസ് വ്യാഴാഴ്ച രേഖപ്പെടുത്തി. അദ്ദേഹത്തിൻ്റെ വസതിയായ ‘സത്ഗുരു ശരണിൽ’ എത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അഞ്ച് ദിവസത്തെ റിമാൻഡ് പൂർത്തിയാക്കിയ ശേഷം ബാന്ദ്ര പോലീസ് പ്രതി ഷരീഫുൾ ഇസ്ലാമിനെ (30) വെള്ളിയാഴ്ച ബാന്ദ്രയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതി ബംഗ്ലാദേശിയാണെന്ന് വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലുള്ള സെയ്ഫ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.