കെജ്രിവാളും അതിഷിയും തോൽക്കും; ഡൽഹിയിൽ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ വരും -അമിത് ഷാ

news image
Jan 29, 2025, 7:42 am GMT+0000 payyolionline.in

ന്യൂഡൽഹി: ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും പരാജയപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ ബി.ജെ.പിയുടെ ഇരട്ട എൻജിൻ സർക്കാർ നിലവിൽ വരുമെന്നും അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു.

”കള്ളം പറഞ്ഞുകൊണ്ട് ഒരുപാട് കാലം പിടിച്ചുനിൽക്കാൻ സാധിക്കില്ല. ഡൽഹിയിൽ 10 വർഷമായി അതാണ് നടന്നുകൊണ്ടിരിക്കുന്നത്. നിലവിലെ സർക്കാറിന്റെ എല്ലാ കള്ളത്തരങ്ങളും വെളിച്ചത്തുവന്നു. അവർ ഡൽഹിയിലെ വികസനം ഇല്ലാതാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഡൽഹിയിൽ ഇരട്ട എൻജിനുള്ള സർക്കാറുണ്ടാക്കും. ഈ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളും അതിഷിയും അവരുടെ സീറ്റുകളിൽ പരാജയപ്പെടും.​​”-അമിത് ഷാ പറഞ്ഞു.

എ.എ.പി ജനങ്ങളെ സ്വാധീനിക്കാൻ പണം വാരിയെറിയുകയാണ്. എന്നാൽ കുടിവെള്ള പ്രതിസന്ധി, ആശുപത്രികളുടെയും സ്കൂളുകളുടെയും വികസനം എന്നീ കാര്യങ്ങളിൽ ഒന്നു ചെയ്യുന്നില്ല. ഈ കാര്യങ്ങളിലെല്ലാം സമവായ നിലപാടാണ് ബി.ജെ.പിക്കുള്ളത്. ലക്ഷ്യം ഡൽഹിയുടെ അടിസ്ഥാന വികസനമാണെന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഹരിയാനയിലെ ബി.ജെ.പി സർക്കാർ ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന കെജ്രിവാളിന്റെ ആരോപണങ്ങൾക്കും അമിത് ഷാ മറുപടി നൽകി. യമുനയിൽ കലർത്തിയത് ഏത് വിഷമാണെന്ന് അവരോട് ചോദിച്ചു. വെള്ളം പരിശോധിച്ചതിന്റെ റിപ്പോർട്ടും ആവശ്യപ്പെട്ടു. നിങ്ങൾ വെള്ളം തടയുകയാണെങ്കിൽ ഹരിയാനയിലെ 10 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകും. ജനങ്ങൾക്കിടയിൽ ഭീതിയും അസ്ഥിരതയും വിതച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ഞങ്ങൾ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഹരിയാന സർക്കാർ ഒരു കേസ് പോലും കെജ്രിവാളിനെതിരെ നൽകിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ഡൽഹിയിലെ 70 അംഗ നിയമസഭയിലേക്കാണ് ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് ഫലമറിയാനാകും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe