കേന്ദ്രബജറ്റ്: ജനങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമാകുമോ?

news image
Feb 1, 2025, 4:45 am GMT+0000 payyolionline.in

ന്യൂഡൽഹി: ജനങ്ങൾക്ക്‌ കൊടുക്കലും, അവരിൽനിന്ന്‌ എടുക്കലും-ബജറ്റുകളുടെ പൊതുവായ ധർമം ഇതാണ്‌. മൂലധനനിക്ഷേപ, സാമൂഹ്യക്ഷേമ പദ്ധതികളും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകളുമാണ്‌ ജനങ്ങൾക്ക്‌ സർക്കാർ നൽകുന്നതിന്റെ പരിധിയിൽ വരുന്നത്‌. ജനങ്ങളിൽനിന്നുള്ള വിഭവസമാഹരണത്തിൽ നികുതിവിഹിതം പ്രധാനമാണ്‌. ജിഎസ്‌ടി നടപ്പാക്കിയശേഷം കേന്ദ്രബജറ്റിന്റെ പ്രസക്തിയിൽ വലിയ ഇടിവ്‌ വന്നിട്ടുണ്ട്‌. പരോക്ഷനികുതികളിൽ ബഹുഭൂരിപക്ഷവും ബജറ്റിന്‌ പുറത്താണ്‌ നിശ്‌ചയിക്കപ്പെടുന്നത്‌ എന്നതു തന്നെ കാരണം. എന്നിരുന്നാലും, ധനമന്ത്രി നിർമല സീതാരാമൻ തന്റെ, തുടർച്ചയായ എട്ടാം ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ അങ്ങേയറ്റം സങ്കീർണമായ സാഹചര്യത്തിലാണ്‌. മൊത്തം ആഭ്യന്തരോൽപ്പാദനത്തി(ജിഡിപി)ലെ വളർച്ച വീണ്ടും ഇടിയുമെന്ന റിപ്പോർട്ടുകൾ, കലുഷിതമായ ഓഹരിവിപണി, ജനങ്ങളുടെ വാങ്ങൽശേഷി (ഡിമാൻഡ്‌) കുറഞ്ഞുനിൽക്കുന്നത്‌, അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പ്രഖ്യാപിച്ചിരിക്കുന്ന വ്യാപാരയുദ്ധം, രൂപയുടെ തകർച്ച, നിർമിതബുദ്ധിയുടെ കടന്നുവരവ്‌ ഉയർത്തുന്ന വെല്ലുവിളികൾ, ബിജെപിക്ക്‌ തനിച്ച്‌ കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഘടകകക്ഷികളിൽനിന്ന്‌ നേരിടുന്ന സമ്മർദ്ദം ഇതൊക്കെ ബജറ്റിലെ മുൻഗണനകളെ ബാധിക്കും.

ധനക്കമ്മി കുറയ്‌ക്കാൻ വിദേശ മൂലധനശക്തികളുടെ സമ്മർദ്ദം സർക്കാരിനുമേലുണ്ട്‌. കഴിഞ്ഞ ബജറ്റ്‌ അവതരിപ്പിച്ചപ്പോൾ 2024–-25ൽ ധനമന്ത്രി പ്രതീക്ഷിച്ച ധനക്കമ്മി 4.9 ശതമാനമായിരുന്നു. മൂന്ന്‌ ശതമാനമാണ്‌ അനുശാസിക്കപ്പെടുന്ന ധനക്കമ്മി. വിദേശമൂലധനം രാജ്യത്തേക്ക്‌ ആകർഷിക്കാൻ സർക്കാർ ധനക്കമ്മികുറയ്‌ക്കൽ നടപടികൾക്ക്‌ നിർബന്ധിതരാണ്‌. സ്വകാര്യനിക്ഷേപ മേഖലയിൽ വളർച്ച മെച്ചപ്പെടാത്ത പശ്‌ചാത്തലത്തിൽ സർക്കാർ ചെലവ്‌ ചുരുക്കൽ വിനാശകരമാകും. മോദിസർക്കാരിന്റെ ബജറ്റുകളുടെ പൊതുപ്രവണത ചെലവ് ചുരുക്കലാണ്. കോവിഡ് കാലത്ത് മാത്രമാണ് ഇതിന്‌ മാറ്റമുണ്ടായത്‌. 2011-–-12-ൽ സർക്കാർ ചെലവും ജിഡിപിയും തമ്മിലുള്ള അനുപാതം 14.38 ശതമാനം ആയിരുന്നു. മോദിസർക്കാർ വന്ന 2014-–-15-ൽ ഇത്‌ 13.3 ആയി കുറച്ചു. നോട്ട്‌ നിരോധനവും അശാസ്‌ത്രീയമായി നടപ്പാക്കിയ ജിഎസ്ടിയും മൂലം സാമ്പത്തിക വളർച്ച തുടർച്ചയായി മന്ദീഭവിച്ചു. അപ്പോഴും കേന്ദ്രം ചെലവ് ചുരുക്കൽ തുടർന്നു. 2017––18-ൽ 12.25 ശതമാനത്തിലെത്തി. കോവിഡ് കാലത്ത് സർക്കാർ ചെലവ് വർധിപ്പിച്ചതും ജിഡിപി ഇടിഞ്ഞതും തോത് ഉയരുന്നതിന് ഇടയാക്കി. കോവിഡ് വർഷം തോത്‌ 17.7 ശതമാനമായി. എന്നാൽ 2024––25 ൽ 14.9 ശതമാനമായി. ഇപ്പോൾ വീണ്ടും പഴയ നിലയിലേക്ക് താഴ്‌ത്താനുള്ള ശ്രമമാണ് നടക്കുന്നത്.

പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനം ഗണ്യമായി വർധിക്കുന്നുണ്ട്‌. 2023–-24ൽ ആദായനികുതി ഇനത്തിൽ വരുമാനം 11.25 ലക്ഷം കോടി രൂപയായിരുന്നു; കോർപറേറ്റ്‌ നികുതി വരുമാനം 9.11 ലക്ഷം കോടി രൂപയും. കോർപറേറ്റ്‌ നികുതികളിൽ മോദിസർക്കാർ വെട്ടിക്കുറവ്‌ വരുത്തിയെങ്കിലും വ്യക്തിഗത ആദായനികുതി ഘടന ഇടത്തരക്കാരെ പിഴിയുന്ന വിധത്തിലാണ്‌. ഇളവുകൾ പറയുന്നുണ്ടെങ്കിലും അതൊന്നും പ്രയോജനം ചെയ്യാത്ത വ്യവസ്ഥകളും കൊണ്ടുവന്നു. 2023–-24ൽ ജിഎസ്‌ടി ഇനത്തിൽ വരുമാനം 20.18 ലക്ഷം കോടി രൂപയായി. തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച്‌ 11.7 ശതമാനമായിരുന്നു വർധന. അതേസമയം നികുതി വരുമാനത്തിലെ വളർച്ച വിപണിയിലെ ഉണർവിന്റെ പ്രതിഫലനമല്ല. ഡിമാൻഡിൽ കാര്യമായ ഇടിവാണെന്ന്‌ ഔദ്യോഗിക സർവേകളിലും സ്ഥിരീകരിക്കുന്നു.

 

പിന്നിട്ട 10 വർഷം ദശലക്ഷം കോടി രൂപയെങ്കിലും കോർപറേറ്റുകൾക്ക്‌ സർക്കാർ ഇളവ്‌ ചെയ്‌തുകൊടുത്തു. എന്നിട്ടും കോർപറേറ്റുകൾ കൂടുതൽ മൂലധനനിക്ഷേപത്തിന്‌ തയ്യാറാകാത്തത്‌ വെല്ലുവിളിയാണ്‌. വിപണിയിലെ മാന്ദ്യമാണ്‌ നിക്ഷേപവളർച്ചയെ പിന്നോട്ടടിപ്പിക്കുന്നത്‌. തൊഴിലില്ലായ്‌മയും വേതനത്തിൽ യഥാർഥ വളർച്ച ഉണ്ടാകാത്തതുമാണ്‌ (പണപ്പെരുപ്പം പരിഗണിക്കുമ്പോൾ) വിപണിയിൽ മാന്ദ്യം സൃഷ്ടിക്കുന്നത്‌. സാമ്പത്തിക അസമത്വവും വളർച്ചയെ തടസ്സപ്പെടുത്തുന്നു. നിലവിലെ വളർച്ചയുടെ പ്രയോജനം കോർപറേറ്റുകളിൽ കേന്ദ്രീകരിക്കുകയാണ്‌. രാജ്യത്തെ തൊഴിൽസേനയുടെ 26 ശതമാനം ബിഹാർ, ജാർഖണ്ഡ്‌, അസം, ഒഡിഷ, ഛത്തീസ്‌ഗഢ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌. ജിഡിപിയിൽ ഈ അഞ്ച്‌ സംസ്ഥാനത്തിന്റെ ആകെ പങ്ക്‌ 11 ശതമാനം മാത്രവും. ഭൂപരിഷ്‌കരണം, സാർവത്രിക വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പദ്ധതികൾ എന്നിവയുടെ അഭാവമാണ്‌ പിന്നാക്കാവസ്ഥയ്‌ക്ക്‌ കാരണം. സാമൂഹ്യക്ഷേമ പദ്ധതികളുടെ ചെലവ്‌ മോദിസർക്കാർ ഓരോ ബജറ്റിലും കുറയ്‌ക്കുകയാണ്‌.

 

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയാണ്‌ രാജ്യത്ത്‌ സാമ്പത്തിക ഉത്തേജനത്തിന്‌ പ്രാപ്‌തമായ സംവിധാനം. മോദിസർക്കാർ ഈ പദ്ധതിയെ പടിപടിയായി തകർക്കുകയാണ്‌. 2024–-25ൽ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ നീക്കിവച്ചത്‌ 86,000 കോടി രൂപയാണ്‌; 2023–-24ൽ ഈ പദ്ധതിക്കായി ചെലവഴിച്ചതിനെക്കാൾ 25,000 കോടി രൂപ കുറവ്‌. തൊഴിലുറപ്പ്‌ പദ്ധതി വിഹിതം ഓരോ വർഷവും ഫലപ്രദമായ നിലയിൽ വർധിപ്പിക്കണമെന്ന്‌ പാർലമെന്റ്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ശുപാർശ ചെയ്‌തിട്ടുണ്ട്‌.

 

ബിജെപി സർക്കാർ തുടക്കംമുതൽ വിദ്യാഭ്യാസമേഖലയിൽ ഓരോ വർഷവും ചെലവഴിക്കുന്നത്‌ ജിഡിപിയുടെ ശരാശരി 2.8 ശതമാനമാണ്‌. കേന്ദ്രം ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന ഉന്നതവിദ്യാഭ്യാസമേഖലയിൽ ഫണ്ട്‌ വിനിയോഗം ഓരോവർഷവും കുറച്ചുകൊണ്ടുവരികയാണ്‌. സർവകലാശാലകളുടെയും ഇതര ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ചെലവുകളിൽ 80 ശതമാനവും വഹിക്കുന്നത്‌ സംസ്ഥാന സർക്കാരുകളാണ്‌. കഴിഞ്ഞ ബജറ്റിൽ മൊത്തം ചെലവിന്റെ 13 ശതമാനം നീക്കിവച്ചത്‌ പ്രതിരോധമേഖലയ്‌ക്കാണ്‌. അമേരിക്കയിൽനിന്ന്‌ ആയുധഇറക്കുമതി വർധിപ്പിക്കാൻ സമ്മർദം നേരിടുന്നതിനാൽ പ്രതിരോധച്ചെലവ്‌ വീണ്ടും ഉയർത്തിയേക്കാം. ഇതിന്റെയൊക്കെ ആഘാതം സാമൂഹ്യക്ഷേമ മേഖല നേരിടേണ്ടിവരും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe