കൊച്ചി:ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാം വഴിയാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോടും പെൺകുട്ടി തർക്കിക്കുമായിരുന്നു. തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.
അനൂപിന്റെ ആക്രമണത്തിന് ഇരയായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ ആറ് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവദിവസം കുട്ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് വീട്ടിലേക്ക് അന്വേഷിച്ചുവന്നതാണെന്നും വീടിനുപുറത്ത് മറ്റൊരു യുവാവ് നിൽക്കുന്നത് കണ്ടെന്നും ഉപദ്രവിച്ച അനൂപ് പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ മർദിച്ചു. ഇതിനിടെ ശാരീരികബന്ധത്തിനും നിർബന്ധിച്ചെങ്കിലും സമ്മതിക്കാതിരുന്നതോടെ അതിക്രൂരമായി മർദിച്ചു. തലഭിത്തിയിൽ ഇടിപ്പിച്ചു. ശ്വാസംമുട്ടിച്ചു. തുടർന്ന് ആത്മഹത്യ ചെയ്യാനായി യുവതി ഫാനിൽ കുരുക്കിട്ടു. യുവതി മരണവെപ്രാളത്തിൽ പിടയുന്നത് കണ്ടപ്പോൾ ഷാൾമുറിച്ച് താഴേക്കിട്ടു. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തിപ്പിടിച്ചു. അബോധാവസ്ഥയിലായ യുവതി മരിച്ചെന്നാണ് കരുതിയതെന്നും അനൂപ് മൊഴി നൽകിയിരുന്നു.