ന്യൂഡൽഹി ∙ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നവീൻ ചൗള (79) അന്തരിച്ചു. ഇന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. 2005 മുതൽ 2009 വരെ തിരഞ്ഞെടുപ്പു കമ്മിഷണറായും 2009 ഏപ്രിൽ മുതൽ 2010 ജൂലൈ വരെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായും പ്രവർത്തിച്ചു.1945 ജൂലൈ 30 ന് ജനിച്ച ചൗള ഹിമാചൽ പ്രദേശിലെ ലോറൻസ് സ്കൂളിലും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും ഉപരിപഠനം നടത്തിയിട്ടുണ്ട്. 1969 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ചൗള ഗവൺമെന്റ് സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. മദർ തെരേസയുടെ ജീവിതം അദ്ദേഹത്തെ പ്രചോദിപ്പിച്ചിരുന്നു. മദറിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട്.