റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ ജില്ലയിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഗംഗളൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.
വെസ്റ്റ് ബസ്തർ ഡിവിഷനിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെയാണ് മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസൊല്യൂട്ട് ആക്ഷൻ) എന്നിവരടങ്ങിയ സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത്. ഈ വർഷം ഇതുവരെ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 48 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.